
ദേശീയ അടൽ റാങ്കിംഗിൽ രണ്ടാം സ്ഥാനത്ത്
കൊല്ലം: ദേശീയ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അടൽ റാങ്കിംഗ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻ ഓൺ ഇന്നോവേഷൻസ് അച്ചീവ്മെന്റ്സിൽ (ARIIA) കൊല്ലം എസ്.എൻ കോളേജ് ദേശീയതലത്തിൽ രണ്ടാംസ്ഥാനത്ത് എത്തിയത് സർവകലാശാലകളെപ്പോലും പിന്തള്ളി. രാജ്യത്തെ പ്രമുഖ സർവകലാശാലകളും കോളേജുകളും ഉൾപ്പെടുന്ന സാങ്കേതികയിതര സർക്കാർ, സ്വകാര്യ സർവകലാശാലകളുടെയും സ്ഥാപനങ്ങളുടെയും ജനറൽ കാറ്റഗറി വിഭാഗത്തിലാണ് ഈ നേട്ടം കൈവരിച്ചത്. മത്സരിച്ച 1438 സ്ഥാപനങ്ങളെ പിന്നിലാക്കിയാണ് എസ്.എൻ. കോളേജ് രണ്ടാം സ്ഥാനത്ത് എത്തിയത്.
ബൗദ്ധിക സ്വത്തവകാശ വ്യാപനം, സാങ്കേതിക വിദ്യകളുടെ കൈമാറ്റം, സംരംഭകത്വ പ്രോത്സാഹനം, സ്റ്റാർട്ടപ്പ് തുടങ്ങിയവ മുൻനിർത്തിയുള്ള കണ്ടെത്തലുകളാണ് റാങ്കിംഗിന് പരിഗണിച്ചത്. 10 സയൻസ് ലാബുകൾ കോളേജിനെ മികവിന്റെ കേന്ദ്രമാക്കുന്നതായും റാങ്കിംഗ് നിർണയ സമിതി കണ്ടെത്തി. സാമ്പത്തിക സഹായങ്ങളുടെ ഫലപ്രദമായ വിനിയോഗം, തൊഴിൽ അടിസ്ഥാന ബോധനം, മറ്റ് സ്ഥാപനങ്ങളുമായുള്ള ക്രിയാത്മക സഹകരണം, നവീന പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾ, വിവര സാങ്കേതിക വിദ്യയുടെ ക്രിയാത്മക ഉപയോഗം, സ്ഥാപനത്തിലെ ഭരണ മികവ് എന്നിവയും റാങ്കിംഗിനായി പരിഗണിച്ചു. നൂറ്റി പത്തോളം നൂതന ഗവേഷണ പേപ്പറുകൾ ഇവിടത്തെ അദ്ധ്യാപകരും വിദ്യാർത്ഥികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൊവിഡിന് മരുന്ന് കണ്ടെത്തുന്നതിനുള്ള ഗവേഷണത്തിൽ കെമിസ്ട്രി വിഭാഗം പങ്കാളിയായിട്ടുണ്ട്. തൊഴിൽ ലഭ്യമാക്കുന്ന തരത്തിലുള്ള 28 ഓളം നൂതന കോഴ്സുകൾ കോളേജിൽ നടക്കുന്നുണ്ട്. തേനീച്ചവളർത്തൽ, കൂൺ കൃഷി, കണ്ടന്റ് റൈറ്റിംഗ് തുടങ്ങി നിരവധി കോഴ്സുകൾ കോളേജിലുണ്ട്. കോളേജിലെ നിക്ഷേപക ക്ലബ്ബും ചോക്ലേറ്റ് യൂണിറ്റും നടത്തുന്നുണ്ട്. അദ്ധ്യാപകരും വിദ്യാർത്ഥികളും മറ്റ് സ്ഥാപനങ്ങളിലെ നൂതന സെമിനാറുകളിലും വർക്ക് ഷോപ്പുകളിലും പങ്കെടുത്തിട്ടുണ്ട്. അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഗവേഷണ വിഷയങ്ങൾ വൈവിദ്ധ്യമാർന്നതാണെന്നും സമിതി കണ്ടെത്തി.
'' അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഗവേഷണ വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമം കൊണ്ടാണ് കോളേജിന് ഈ നേട്ടം കൈവരിക്കാനായത്. ''
ഡോ. ആർ. സുനിൽകുമാർ
പ്രിൻസിപ്പൽ, കൊല്ലം എസ്.എൻ കോളേജ്