കൊല്ലം: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ജൽ-ജീവൻ മിഷനിലുൾപ്പെടുത്തി കൊല്ലം ജില്ലയിൽ 1511.45 കോടി രൂപ മുടക്കി 384851 വീടുകളിൽ കുടിവെളളമെത്തിക്കുമെന്ന്
എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. ഭരണാനുമതി നൽകിയിട്ടുളള പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനുള്ള സമഗ്ര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദിശയുടെ (ഡിസ്ട്രിക് ഡെവലപ്മെന്റ് കോ-ഓർഡിനേഷൻ കമ്മിറ്റി) യോഗം ഉദ്ഘാടനം ചെയ്യുക ദിശാ ചെയർമാൻ കൂടിയായ എം.പി. 2020-21 ൽ 301347 ഗാർഹിക കണക്ഷനുകൾ നൽകുന്നതിനായി 938.25 കോടി രൂപയുടെയും 2021-22 ൽ 83504 കണക്ഷനുകൾ നൽകുന്നതിനായി 573.20 കോടി രൂപയുടെയും ഭരണാനുമതിയാണ് നൽകിയിട്ടുളളത്. കഴിഞ്ഞയോഗത്തിൻറെ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ ക്രിയാത്മകമായി പ്രവർത്തിച്ച ഡിസ്ട്രിക് ഡവലപ്പ്മെന്റ് കമ്മിഷണർ ശ്രീ.ആസിഫ്.കെ.യൂസഫ് ഐ.എ.എസ്, ദിശ കൺവീനർ ശ്രീമതി.ടി.കെ.സയൂജ വിവിധ വകുപ്പുകളിലെ ജില്ലാതല നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു.
എൻ.കെ പ്രേമചന്ദ്രൻ എം.പി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സോമപ്രസാദ് എം.പി യുടെ പ്രതിനിധി കെ. ബാബു, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാരാജേന്ദ്രൻ, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദവല്ലി, ഡിസ്ട്രിക് ഡവലപ്പ്മെന്റ് കമ്മിഷണർ ആസിഫ് കെ.യൂസഫ്, പ്രൊജക്ട് ഡയറക്ടർ ടി.കെ.സയൂജ, ജില്ലയിലെ വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.