കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് ഗുരുദേവന്റെ ചിത്രവും 'വിദ്യകൊണ്ട് പ്രബുദ്ധരാകുക" എന്ന ഗുരുദേവ സന്ദേശവുമുള്ള പുതിയ ലോഗോയ്ക്ക് സർവകലാശാല സിൻഡിക്കേറ്റ് യോഗം അംഗീകാരം നൽകി. അടൂർ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായ സമിതി ശുപാർശ ചെയ്ത ലോഗോ സിൻഡിക്കേറ്റ് അതേപടി അംഗീകരിക്കുകയായിരുന്നു. വിപുലമായ ചടങ്ങ് സംഘടിപ്പിച്ച് പ്രകാശനം ചെയ്യാനാണ് തീരുമാനം. തീയതി നിശ്ചയിച്ചിട്ടില്ല.
സർവകലാശാല ആദ്യം തിരഞ്ഞെടുത്ത ഗുരുദേവ സാന്നിദ്ധ്യമില്ലാത്ത ലോഗോ വിവാദമായതോടെയാണ് പരാതികൾ പരിശോധിച്ച് പുതിയത് നിശ്ചയിക്കാൻ അടൂർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ നിയോഗിച്ചത്. സർവ്വകലാശാലയ്ക്ക് ആദ്യഘട്ടത്തിൽ ലഭിച്ച ലോഗോകളെല്ലാം സമിതി പരിശോധിച്ചു. തുടർന്ന് തിരുവനന്തപുരം ആർട്സ് കോളേജ് വിദ്യാർത്ഥികൾക്ക് ഓപ്പൺ യൂണിവേഴ്സിറ്റി ലോഗോ തയ്യാറാക്കൽ പ്രത്യേക അസൈൻമെന്റായി നൽകി. അതിനൊപ്പം പ്രമുഖ ആർട്ടിസ്റ്റുകളെക്കൊണ്ടും ലോഗോ രൂപകല്പന ചെയ്യിച്ചു. അതിൽ നിന്ന് തിരഞ്ഞെടുത്ത ലോഗോ ഈമാസം ആദ്യം സർവകലാശാല അധികൃതർക്ക് കൈമാറുകയായിരുന്നു.
വിവിധ വർണ്ണങ്ങളിലുള്ള ജ്യാമിതീയ രൂപങ്ങളുടെ സങ്കലനമായിരുന്നു ആദ്യ ലോഗോ. അതിൽ ഗുരുദേവ സാന്നിദ്ധ്യമില്ല എന്നതിന് പുറമേ, വിദേശ പണമിടപാട് സ്ഥാപനത്തിന്റെയും ഇവന്റ് ഗ്രൂപ്പിന്റെയും ലോഗോകളുടെ പകർപ്പാണെന്നും ആരോപണം ഉയർന്നു. അതോടെയാണ് ആ ലോഗോ പിൻവലിക്കാൻ തീരുമാനിച്ചത്.