library
ചാത്തന്നൂർ ഉളിയനാട്ട് കെ.പി. ഗോപാലൻ ഗ്രന്ഥശാലയുടെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവ്വഹിക്കുന്നു

ചാത്തന്നൂർ: ഗ്രന്ഥശാലകൾ വെറും വായനശാലകൾ അല്ലെന്നും നാടിന്റെ സാംസ്കാരിക പുരോഗതിയുടെ അടയാളങ്ങളാണെന്നും മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കെ.പി. ഗോപാലൻ സ്മാരക ഗ്രന്ഥശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സാംസ്കാരിക രംഗത്ത് വ്യത്യസ്തങ്ങളായ നിരവധി പരിപാടികളാണ് ഗ്രന്ഥശാലകൾ നടത്തുന്നത്. വിദ്യാഭ്യാസം, ബോധവത്കരണം, വായനാശീലം വളർത്തൽ, സാംസ്കാരിക പ്രവർത്തനം തുടങ്ങിയവയും ഇതിലുൾപ്പെടും. ഗ്രന്ഥശാലയ്ക്ക് എല്ലാവിധ സഹായങ്ങളും നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാണ്. ഗ്രന്ഥശാല പ്രസ്ഥാനം ഏറ്റവും ശക്തമായി മുന്നോട്ടു പോകുന്ന സംസ്ഥാനമാണ് കേരളം. നിരവധി പരീക്ഷണങ്ങളും വേട്ടയാടലും നേരിട്ട വ്യക്തിയാണ് കെ.പി. ഗോപാലൻ. നെയ്ത്ത് തൊഴിലാളികളെ അവകാശബോധമുള്ള ജനതയാക്കിമാറ്റാൻ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. ഐതിഹാസികമായ ട്രാൻസ്പോർട്ട് സമരകാലത്ത് മൃഗീയ പൊലീസ് മർദ്ദനവും ജയിൽവാസവും അനുഭവിച്ച കമ്മ്യൂണിസ്റ്റുകാരൻ ആയിരുന്നു കെ.പി​. ഗോപാലനെന്നും മന്ത്രി​ അനുസ്മരി​ച്ചു. ജി.എസ്. ജയലാൽ എം.എൽ.എ അധ്യക്ഷനായിരുന്നു. മുൻ മന്ത്രി മുല്ലക്കര രത്നാകരൻ മുഖ്യ പ്രഭാഷണം നടത്തി​. കെ.പി. ഗോപാലൻ ഫോട്ടോ അനാച്ഛാദനം എൻ. അനിരുദ്ധൻ നി​ർവഹി​ച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളി കൃഷ്ണൻ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സദാനന്ദൻ പിള്ള, ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സുശീല ദേവി, ജില്ലാ പഞ്ചായത്ത് അംഗം ശ്രീജ ഹരീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ശർമ, ഗ്രാമപഞ്ചായത്ത് അംഗം വിനിത ദിപു, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശ്രീകുമാർ പാരിപ്പള്ളി, ഹാൻടെക്സ് വൈസ് പ്രസിഡന്റ് എൻ. രവീന്ദ്രൻ, ആർ. അനിൽകുമാർ, അഡ്വ. പി.എസ്. പ്രദീപ്, മായ സുരേഷ്, സജില തുടങ്ങിയവർ സംസാരി​ച്ചു. ഗ്രന്ഥശാല സെക്രട്ടറി ടി.ആർ. ദിപു സ്വാഗതവും പി. ബിനു നന്ദി​യും പറഞ്ഞു.