പത്തനാപുരം : വയോധികനായ പാസ്റ്ററെ ഭീഷണിപ്പെടുത്തി പണം തട്ടിയതായി പരാതി. നടുക്കുന്നിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി സ്വദേശി പാസ്റ്റർ ഷിജോമോൻ, ഭാര്യ ബ്ലസി ജോൺ എന്നിവരെയാണ് തട്ടിപ്പ് കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. നടുക്കുന്ന് പൊയ്കയിൽ പള്ളിത്തോപ്പിൽ വീട്ടിൽ പാസ്റ്റർ അലക്സാണ്ടർ ഉമ്മനാണ് (77) പരാതിക്കാരൻ. അമേരിക്കയിൽ മക്കൾക്കൊപ്പം സ്ഥിരതാമസമാക്കിയിരുന്ന അലക്സാണ്ടർ ഉമ്മൻ, ഭാര്യ സാറാമ്മ അലക്സാണ്ടർ എന്നിവരിൽ നിന്ന് വിശ്വസ്തരായി കൂടെക്കൂടി 37,50,500 രൂപയും മറ്റ് വിലപ്പെട്ട സാധന സാമഗ്രികളും തട്ടിയെടുത്തതായാണ് പരാതി. വൃദ്ധ ദമ്പതികൾ അമേരിക്കയിലായിരുന്നപ്പോൾ വീടിന്റെ താക്കോൽ ഷിജോ മോനെ വിശ്വസിച്ച് ഏൽപ്പിച്ചിരുന്നു. ഇവർ അവധിക്ക് നാട്ടിൽവന്നപ്പോൾ വീട്ടിലെ കിടപ്പ് മുറികളും അലമാരയും കുത്തിത്തുറന്ന നിലയിലായിരുന്നു. വിവിധ ബാങ്കുകളുടെ ചെക്ക് ബുക്ക്, എ.ടി.എം കാർഡുകൾ, നാട്ടിൽ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ എന്നിവയാണ് നഷ്ടപ്പെട്ടത്. വ്യാജ ഒപ്പിട്ടും പലരുടെ പേരിൽ പണം പിൻവലിച്ചതായി ബോദ്ധ്യമായി. മൊബൈൽ ഫോൺ കൈക്കലാക്കി എ.ടി.എം കാർഡിന്റെ പിൻ നമ്പരിൽ മാറ്റം വരുത്തി പലപ്പോഴായി പണം പിൻവലിച്ചതായും കണ്ടെത്തി. അലക്സാണ്ടർ ഉമ്മൻ പ്രവർത്തിച്ചിരുന്ന പള്ളിയിൽ പാസ്റ്ററായി എത്തിയതായിരുന്നു ഷിജോമോൻ. അലക്സാണ്ടർ ഉമ്മൻ സ്വന്തമായി തുടങ്ങിയ ചിൽഡ്രൻസ് സ്കൂളിന്റെ ചുമതലയും ഷിജോ മോനെയും ഭാര്യയെയും ഏൽപ്പിച്ചിരുന്നു. പത്തനാപുരം പൊലീസ് കേസെടുത്ത് തെളിവെടുപ്പ് നടത്തി പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു.