 
കാെല്ലം: മാർക്സിസം മന്ത്രമല്ല, പ്രവർത്തിക്കാനുള്ള വഴികാട്ടിയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള പറഞ്ഞു. സി.പി.എം ജില്ലാ സമ്മേളനം കൊട്ടാരക്കരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ സാമ്പത്തിക,സാമൂഹിക,രാഷ്ട്രീയ വിലയിരുത്തലുകളിലൂടെയാണ് മാർക്സിസം കാലത്തിനൊപ്പം സഞ്ചരിക്കുന്നത്. ഒരു സിദ്ധാന്തത്തിൽ തറച്ച് നിൽക്കുകയല്ല, മറിച്ച് ലോകത്തിന്റെ മാറ്റത്തിനൊപ്പം മറ്റെല്ലാ ശാസ്ത്രത്തെയും പോലെ മാർക്സിസവും നിരന്തരം പുതുക്കിക്കൊണ്ടേയിരുക്കുകയാണ്. പാർട്ടിയുടെ നയങ്ങൾ തീരുമാനിക്കുന്നതും നേതൃത്വത്തെ തീരുമാനിക്കുന്നതും ജനാധിപത്യ രൂപത്തിലാണ്. പാർട്ടി അംഗങ്ങളാണ് തീരുമാനങ്ങളെടുക്കുന്നത്. എന്നാൽ, ബി.ജെ.പിക്കും കോൺഗ്രസിനും അഭ്യന്തര ജനാധിപത്യമില്ല. പാർട്ടി അംഗങ്ങൾ നിശ്ചയിക്കുന്ന നയസമീപനങ്ങളുമല്ല അവർക്ക്. ഒരു ഭാഗത്ത് വംശ-കുടുംബാധിപത്യം. പബ്ളിക് സർവീസ് കമ്മിഷനെപ്പോലെ നേതാക്കളെയും ബഹുജന സംഘടനാ നേതൃത്വത്തെയും നിയമിക്കുന്ന രീതിയാണ് ആ പാർട്ടികളുടേത്. ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥയിലെ ദൗർബല്യമാണിത്. അഭ്യന്തര ജനാധിപത്യമില്ലാത്ത പാർട്ടികൾക്ക് എങ്ങിനെ നാടിന്റെ ജനാധിപത്യം നടപ്പാക്കാനാകും. രാജ്യത്ത് കോർപ്പറേറ്റ് വർഗീയ കൂട്ടുകെട്ടിന്റെ അമിതാധികാര ഭരണമാണ് നടക്കുന്നത്. നമ്മുടെ ജനാധിപത്യ വ്യവസ്ഥ ഇതുപോലെ കടന്നാക്രമിക്കപ്പെട്ട അവസ്ഥ മുമ്പ് ഉണ്ടായിട്ടില്ല. വാരണാസിയിലെ ഇടനാഴി ഉദ്ഘാടനം ചെയ്തതടക്കം അയോദ്ധ്യയിലെ ക്ഷേത്രനിർമ്മാണവും വലിയ വെല്ലുവിളി ഉയർത്തുന്നു. സർക്കാരിന്റെ പണം ഉപയോഗിച്ചാണ് ഇത്തരത്തിൽ മതപ്രചാരവേലയും മതധ്രുവീകരണവും നടത്തുന്നതെന്നതാണ് ചർച്ചചെയ്യേണ്ടത്. ബോധപൂർവം വർഗീയ ധ്രുവീകരണത്തിന് കളമൊരുക്കുകയാണവർ. ശാസ്ത്ര സാങ്കേതിക മികവിന്റെ കാലത്ത് പശു പരിശുദ്ധയാണെന്നും മാതാവാണെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന ഇന്ത്യക്കാർക്കാകെ അപമാനമാണ്. ശാസ്ത്ര ബോധത്തിനെതിരായ കടന്നാക്രമണമാണിതെന്നും എസ്.രാമചന്ദ്രൻ പിള്ള പറഞ്ഞു. ഉദ്ഘാടനയോഗത്തിന് കെ.സോമപ്രസാദ് എം.പി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ, ഡോ.ടി.എം.തോമസ് ഐസക്, പി.കെ.ശ്രീമതി, വൈക്കം വിശ്വൻ, ആനത്തലവട്ടം ആനന്ദൻ, എം.എം.മണി, പി.കെ.ഗുരുദാസൻ, മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ, കെ.ജെ.തോമസ്, പി.രാജേന്ദ്രൻ, ജെ.മേഴ്സിക്കുട്ടി അമ്മ, എസ്.രാജേന്ദ്രൻ, സൂസൻ കോടി, എം.എച്ച്.ഷാരിയർ, എം.എൽ.എമാരായ എം.മുകേഷ്, എം.നൗഷാദ്, ഡോ.സുജിത് വിജയൻപിള്ള, സംഘാടക സമിതി ചെയർമാൻ പി.എ.എബ്രഹാം, കെ.രാജഗോപാൽ എന്നിവർ പങ്കെടുത്തു. തുടർന്ന് ജില്ലാ സെക്രട്ടറി എസ്.സുദേവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വാളകം പ്രതീക്ഷാ കൺവൻഷൻ സെന്ററിലാണ് കൺവൻഷൻ നടക്കുന്നത്. മന്ത്രി കെ.എൻ.ബാലഗോപാലടക്കമുള്ള പ്രമുഖരുടെ സാന്നിദ്ധ്യം ഇന്ന് ഉണ്ടാകും. സമ്മേളനം നാളെ സമാപിക്കും. നാളെ വൈകിട്ട് അഞ്ചിന് കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ കവലയിൽ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.