കൊല്ലം: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് വിഷൻ 2021-25 ന്റെ ഭാഗമായി നടപ്പിലാക്കുന്ന സ്നേഹഭവനം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കുണ്ടറയിൽ നടന്നു. പെരുമ്പുഴ പെരിഞ്ഞേലിൽ ഭാഗത്ത് നടന്ന ചടങ്ങിൽ പി.സി.വിഷ്ണുനാഥ് എം.എൽ.എ സ്നേഹഭവനത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ജില്ലാ വൈസ് പ്രസിഡന്റ് അൻസർ അസീസ് അദ്ധ്യക്ഷത വഹിച്ചു. കുണ്ടറ എ.ഇ.ഒ എൽ.രമ, സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ജില്ലാ സെക്രട്ടറി ആർ.ഹി ദേഷ്, കുണ്ടറ ലോക്കൽ അസോസിയേഷൻ വൈസ് പ്രസിഡന്റുമാരായ കെ.ഒ. മാത്യു പണിക്കർ, അനിൽകുമാർ, ഹെഡ്ക്വാർട്ടേഴ്സ് കമ്മിഷണർ ശിവൻ വേളിക്കാട്,ലൈഫ് മെമ്പർ ടി.ഗോപൻ, കുണ്ടറ ലോക്കൽ അസോസിയേഷൻ സെക്രട്ടറി വൈ .ലിസിമോൾ എന്നിവർ സംസാരിച്ചു.
കുണ്ടറ ആശുപത്രിമുക്ക് എസ്.കെ.വി.എൽ.പി സ്കൂൾ വിദ്യാർത്ഥി വിഘ്നേഷിനാണ് വീട് നിർമിച്ചു നൽകുന്നത്. മൂന്നു മാസത്തിനകം നിർമാണം പൂർത്തിയാക്കി വീട് കൈമാറും. കുണ്ടറ കൂടാതെ കൊല്ലം, ചവറ, ചാത്തന്നൂർ, കരുനാഗപ്പള്ളി എന്നിവിടങ്ങളിലായി അഞ്ച് വീടുകളാണ് നിർമിക്കുന്നത്.