phot
തെന്മല പഞ്ചായത്തിലെ ഉറുകുന്ന് മലവേടർ കോളനിയിലെ കുടി വെളള വിതരണം മുടങ്ങിയതിൽ പ്രതിഷേധിച്ച് വാർഡ് അംഗം പ്രമീളയുടെ നേതൃത്വത്തിൽ നാട്ടുകാർ പമ്പ് ഹൗസ് ഉപരോധിക്കുന്നു

പുനലൂർ: തെന്മല ഗ്രാമ പഞ്ചായത്തിലെ ഉറുകുന്ന് മലവേടർ കോളനിയിൽ കുടിവെളള വിതരണം മുടങ്ങിയതിൽ പ്രതിഷേധിച്ച് വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ പമ്പ് ഹൗസ് ഉപരോധിച്ചു. മലവേടർ കോളനിയിലെ 150 കുടുംബങ്ങൾ ഉൾപ്പെടെ 300 ഓളം താമസക്കാർക്കാണ് ഒരു മാസമായി ശുദ്ധജല വിതരണം മുടങ്ങിയത്. ഉറുകുന്ന് കോളനിക്ക് സമീപത്ത് കൂടി കടന്ന് പോകുന്ന കല്ലടയാറ്റിൽ സ്ഥാപിച്ചിട്ടുളള വാട്ടർ അതോറിറ്റിയുടെ കിണറ്റിൽ കനത്ത മഴയെ തുടർന്ന് എക്കലും ചെറിയും ഇറങ്ങിയതിനെ തുടർന്നാണ് പമ്പിംഗ് തടസപ്പെടുന്നതും ജല വിതരണം മുടങ്ങുന്നതും. ഇത് പരിഹരിച്ച് ശുദ്ധ ജലവിതരണം ശരിയായ നിലയിൽ നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാർ ഉപരോധം സംഘടിപ്പിച്ചത്. തടസങ്ങൾ ഒഴിവാക്കി ജലവിതരണം നടത്തുമെന്ന വാട്ടർ അതോറിറ്റി അസി. എൻജിനീയറുടെ ഉറപ്പിലാണ് ഉപരോധ സമരം അവസാനിപ്പിച്ചത്. പഞ്ചായത്ത് അംഗം പ്രമീള, സി.പി.ഐ തെന്മല ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. മോഹനൻ, എസ്. സുനിൽകുമാർ, സുമേഷ്, അനന്ദു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം സംഘടിപ്പിച്ചത്.