കൊല്ലം : പുതുവത്സരാഘോഷത്തിനിടെ പോളയത്തോട് വയലിൽ തോപ്പ് കോളനിയിൽ സംഘർഷം. സ്ഥലത്തെത്തിയ പൊലീസ് ജീപ്പിന്റെ ചില്ല് കഞ്ചാവ് കേസിലെ പ്രതി അടിച്ചുതകർത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ കസ്റ്റഡിയിൽ. വയലിൽ തോപ്പ് കോളനി സ്വദേശി രാജേന്ദ്രൻ, നൗഫൽ, കിഷോർ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. പൊലീസ് പറയുന്നത് ; വയലിലിൽ തോപ്പ് കോളനിയിലെ യുവാക്കളും ഇരവിപുരത്തുള്ള ഇവരുടെ സുഹൃത്തുക്കളും കോളനിയിൽ പുതുവത്സരം ആഘോഷിക്കുകയായിരുന്നു. ഇതിനിടയിൽ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് സംഘർഷം ഉണ്ടായി. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി. സംഘം നടത്തിയ പരിശോധനയിൽ നൗഫലിനെ പിടികൂടി ജീപ്പിൽ കയറ്റി. ഇതോടെ കഞ്ചാവ് കേസിലെ പ്രതിയായ രാജേന്ദ്രൻ കല്ലെടുത്ത് പൊലീസ് ജീപ്പിന്റെ ചില്ല് അടിച്ചു തകർക്കുകയായിരുന്നു. രാജേന്ദ്രനെ പൊലീസ് സംഘം പിടികൂടി. എന്നാൽ, ഇതിനിടെ നൗഫൽ രക്ഷപ്പെട്ടു. പിന്നീട് വൻ പൊലീസ് സംഘം സ്ഥലത്തെത്തി കോളനിയിൽ നടത്തിയ പരിശോധനയിലാണ് നൗഫലിനെയും കിഷോറിനെയും പിടികൂടിയത്.