story-
ക്രിസ്മസിനെ വരവേറ്റ് വ്യാപാരസ്ഥാപനങ്ങളിൽ തൂക്കിയ കളർ ബൾബുകൾ.

കുന്നംകുളം: ക്രിസ്മസിനെ വരവേൽക്കാൻ വിശ്വാസികൾ ഒരുങ്ങിയതോടെ കൊവിഡ് ഭീതിയിൽ നിന്ന് ഉയിർപ്പ് തേടുകയാണ് ഇത്തവണ ക്രിസ്തുമസ് വിപണി. ഡിസംബർ ഒന്നിനാണ് ക്രൈസ്തവർ യേശുവിന്റെ തിരുജനനം ആഘോഷിക്കുന്നതിന് മുന്നോടിയായുള്ള നോമ്പ് ആരംഭിക്കുക. വീടുകളിൽ നക്ഷത്രം, ക്രിസ്മസ് ട്രീ, പുൽക്കൂട്, മറ്റ് അലങ്കാരങ്ങളെല്ലാം ഇനി ഭവനങ്ങളെ മനോഹരമാക്കും. ക്രിസ്മസ് അടുക്കുമ്പോൾ ഇത്തവണയും ആഘോഷങ്ങൾക്ക് വിലക്ക് വരുമോ എന്നൊരു ഭീതിയും നിലവിലുണ്ട്. മൊത്ത കച്ചവടക്കാരും ചെറുകിട വ്യാപാര സ്ഥാപനങ്ങളും ക്രിസ്മസ് വിപണിയിലേക്ക് ആവശ്യമായവ എത്തിച്ച് ഇനിയുള്ള ദിവസങ്ങൾ കാത്തിരിപ്പാണ്. ക്രിസ്മസ് ട്രീ , അലങ്കാരങ്ങൾ, പാപ്പ ഡ്രസ്സ്, മാല ബൾബ്, എൽ.ഇ.ഡി നക്ഷത്രങ്ങൾ, അലങ്കാര തോരണങ്ങൾ, ഉണ്ണിയേശു സെറ്റുകൾ എന്നിവയെല്ലാം വിപണി കീഴടക്കും. കണ്ടെയ്‌നറുകൾ എത്തുന്നതിന് ചെലവ് വർദ്ധിച്ചതോടെ മുൻ വർഷത്തേക്കാൾ ചൈനീസ് സാധനങ്ങൾക്ക് ഇരട്ടി വിലയായി. തമിഴ്‌നാട്ടിൽ വെള്ളപ്പൊക്ക ഭീഷണിയായതിനാൽ അവിടെ നിന്ന് വിപണിയിലെത്താറുള്ള മണ്ണ്‌കൊണ്ടുള്ള ഉണ്ണിയേശു സെറ്റുകൾ ഇത്തവണ വിപണിയിൽ വളരെ കുറവാണ്. എൽ.ഇ.ഡി ബൾബുകൾ ഘടിപ്പിച്ചുള്ള ആർച്ച് സ്റ്റാർ, കമ്മൽ സ്റ്റാർ, ഏരോസ്റ്റാർ, സെവൻ സ്റ്റാർ, പുൽക്കൂട് സ്റ്റാർ തുടങ്ങി വിവിധ ഫേൻസി മോഡൽ എൽ.ഇ.ഡി മാല ബൾബുകളാണ് ഇത്തവണ വിപണിയിലെ മിന്നും താരങ്ങൾ. ചെറിയ പേപ്പർ നക്ഷത്രങ്ങളും വില കൂടിയ പേപ്പർ നക്ഷത്രങ്ങളും മാർക്കറ്റിൽ സജീവമായിട്ടുണ്ട്. കുന്നംകുളം, തൃശൂർ, എറണാകുളം എന്നിവിടങ്ങളിലാണ് സീസൺ മൊത്ത കച്ചവടം കൂടുതൽ നടക്കുക. ക്രിസ്മസ് ആഘോഷത്തിന് ഒരുങ്ങുമ്പോൾ കൊറോണ വൈറസിന്റ പുതിയ വകഭേദം ഒമിക്രോൺ ലോകത്തെ ബാധിക്കുമോ എന്ന ആശങ്കയും വ്യാപാരികൾക്കുണ്ട്.