മാള: മാലിന്യം തള്ളുന്നവരെ കണ്ടെത്തിയാൽ ശിക്ഷയായി പഞ്ചായത്ത് സ്ഥാപനങ്ങളിൽ ശുചീകരണം നടത്തിക്കുന്നതിന് ഭരണസമിതി യോഗത്തിൽ തീരുമാനം. പൊയ്യ പഞ്ചായത്ത് ഭരണ സമിതിയാണ് ഇത്തരത്തിൽ തീരുമാനം എടുത്തിരിക്കുന്നത്. നിയമ പ്രകാരമുള്ള പിഴ ചുമത്തുന്നതിന് പുറമെയാണ് സ്ഥാപനങ്ങളിൽ ആഴ്ചയിലൊരിക്കൽ ശുചീകരണം ഏൽപ്പിക്കാനിരിക്കുന്നതെന്ന് പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമസ് അറിയിച്ചു.


കാടുകയറിക്കിടക്കുന്ന പൊയ്യ - കൃഷ്ണൻകോട്ട റോഡിന്റെ വശങ്ങളിൽ തുടർച്ചയായി അറവ് മാലിന്യങ്ങൾ അടക്കമുള്ളവ തള്ളുന്ന പശ്ചാത്തലത്തിലാണ് പഞ്ചായത്ത് തീരുമാനം കൈക്കൊണ്ടത്. ഇവിടെ നിക്ഷേപിക്കുന്ന കക്കൂസ് മാലിന്യവും അഴുകിയ മാംസാവശിഷ്ടങ്ങളും സമീപത്തെ ജലാശയത്തിലേക്ക് ഒഴുകിയെത്തുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. ആൾ താമസമില്ലാത്ത ഈ മേഖലയിൽ സ്ഥിരമായി മാലിന്യം തള്ളുന്നത് സംബന്ധിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു.

അതേസമയം സ്ഥിരമായി മാലിന്യം തള്ളിയിട്ടും പ്രതികളെ കണ്ടെത്താൻ കഴിയാതെ അധികൃതരും നാട്ടുകാരും ആശങ്കയിലാണ്. പ്രശ്നത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ പൊലീസ്, പഞ്ചായത്ത്, ആരോഗ്യ വകുപ്പ് എന്നിവർക്ക് പരാതി നൽകിയിരുന്നു. പൊതുജന പങ്കാളിത്തത്തോടെ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിനുള്ള ആലോചനയിലാണ് പഞ്ചായത്ത്.