മുസ്‌രിസ് സാംസ്‌കാരിക പൈതൃക മഹാമേളയുടെ ഭാഗമായി കൊടുങ്ങല്ലൂർ വി.കെ. രാജൻ മെമ്മോറിയൽ സ്‌കൂളിലെ കുട്ടികളുമായി ആരംഭിച്ച ബോട്ട് യാത്ര വി.ആർ. സുനിൽകുമാർ എം.എൽ.എ ഫ്ലാഗ് ഒഫ് ചെയ്യുന്നു.
കൊടുങ്ങല്ലൂർ: മുസ്‌രിസ് പൈതൃക പദ്ധതിയുടെ കീഴിൽ പെരുമകളും കഥകളും തേടിയുള്ള സാംസ്‌കാരിക പൈതൃക മഹാമേളയ്ക്ക് കോട്ടപ്പുറം കായലോരത്ത് തുടക്കം. കൊടുങ്ങല്ലൂർ വി.കെ. രാജൻ മെമ്മോറിയൽ സ്‌കൂളിലെ കുട്ടികളുമായി ആരംഭിച്ച ബോട്ട് യാത്ര അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഫ്ലാഗ് ഒഫ് ചെയ്തു.
വിദ്യാർത്ഥികൾക്ക് വിനോദ യാത്രയിലൂടെ ചരിത്ര വസ്തുതകളെ നേരിൽ കണ്ട് അനുഭവവേദ്യമാക്കുന്ന നിലയിൽ കഥകളിലൂടെയും കളികളിലൂടെയും അവതരിപ്പിച്ച് അവരുടെ മനസിലേക്ക് ചരിത്ര അവശേഷിപ്പുകൾ മനസിലാക്കി കൊടുക്കുക എന്നുള്ളതാണ് ഇതിന്റെ ലക്ഷ്യം.
പാലിയം കോവിലകം, നാലുകെട്ട്, കോട്ടപ്പുറം കോട്ട, വാട്ടർ ഫ്രണ്ട്, പറവൂർ ജൂതപ്പള്ളി, ഗോതുരുത്ത് ചവിട്ട് നാടക സെന്റർ എന്നീ പ്രദേശങ്ങളാണ് ആദ്യ ദിനത്തിൽ സന്ദർശിച്ചത്. 43 കുട്ടികളാണ് പൈതൃക നടത്തത്തിൽ പങ്കാളികളായത്. നിലവിൽ 2022 മാർച്ച് വരെ വിവിധ ജില്ലകളിൽ നിന്നായി സർക്കാർ തലത്തിലുള്ള 50 സ്‌കൂളുകൾ പൈതൃക നടത്തത്തിനായി ബുക്ക് ചെയ്തിട്ടുണ്ടെന്ന് മുസ്‌രിസ് പൈതൃക പദ്ധതി എം.ഡി പി.എം. നൗഷാദ് പറഞ്ഞു.
പൈതൃക നടത്തത്തിന് സർക്കാർ തലത്തിൽ നിന്ന് വരുന്ന കുട്ടികൾക്ക് ഭക്ഷണം, താമസം, ഗൈഡ് എല്ലാം സൗജന്യമായിരിക്കും. മുസ്‌രിസ് മ്യൂസിയം മാനേജർ മിഥുൻ സി. ശേഖർ പൈതൃക നടത്തത്തിന് നേതൃത്വം നൽകി. നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ അദ്ധ്യക്ഷയായി. മുസ്‌രിസ് പൈതൃക പദ്ധതി എം.ഡി പി.എം. നൗഷാദ്, മാർക്കറ്റിംഗ് മാനേജർ ഇബ്രാഹിം സബിൻ, ജനപ്രതിനിധികളായ കെ.എസ്. കൈസാബ്, വി.എം. ജോണി, സ്‌കൂൾ പ്രിൻസിപ്പൽ അജിത എന്നിവർ പങ്കെടുത്തു.