കുന്നംകുളം: താലൂക്ക് ആശുപത്രിയിലെ പ്രസവ ശേഷം മെഡിക്കൽ കോളേജിൽ പ്രവേശിക്കപ്പെട്ട യുവതി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് സ്ഥലം എം.എൽ.എയും മുൻ മന്ത്രിയുമായ എ.സി.മൊയ്തീനെതിരെയും പാർട്ടി നേതൃത്വത്തിനെതിരെയും സി.പി.എം ഏരിയ സമ്മേളനത്തിൽ രൂക്ഷ വിമർശനം. പ്രവർത്തന റിപ്പോർട്ടിൻ മേലുള്ള ചർച്ചയിലാണ് സമ്മേളന പ്രതിനിധികൾ വിമർശനമുന്നയിച്ചത്. കുന്നംകുളം താലൂക്ക് ആശുപത്രിയിലെ യുവതിയുടെ മരണത്തെത്തുടർന്നുണ്ടായ അനിഷ്ട സംഭവങ്ങളാണ് എ.സി.മൊയ്തീനെതിരെയുള്ള വിമർശനത്തിന് കാരണമായത്. പ്രസവത്തെ തുടർന്ന് അമിത രക്തസ്രാവം മൂലം ദളിത് യുവതി മരിച്ച സംഭവത്തിൽ എം.എൽ.എയുടെ ഭാഗത്ത് നിന്ന് പ്രതികരണങ്ങളൊന്നുമുണ്ടാകാതിരുന്നത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിമർശനമാണ് പ്രതിനിധികൾ ഉയർത്തിയത്. വലിയ തോതിൽ വികസന പ്രവർത്തനങ്ങൾ നടത്തിയ ആശുപത്രിയുടെ യശസ്സ് കളങ്കപ്പെടുത്താനാണ് ആശുപത്രിയിലെ ചിലർ ശ്രമിക്കുന്നതെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടും എം.എൽ.എ പ്രതികരിക്കാതിരുന്നത് പ്രശ്‌നങ്ങൾ വഷളാക്കാൻ കാരണമായെന്നാണ് കുന്നംകുളം വെസ്റ്റ് ലോക്കൽ കമ്മിറ്റിയിൽ നിന്നുള്ള പ്രതിനിധി വിമർശിച്ചത്. സംഭവത്തിൽ നിസംഗ മനോഭാവം സ്വീകരിക്കുകമൂലം പാർട്ടിയ്ക്ക് അവമതിപ്പുണ്ടായെന്ന വിമർശനമാണ് ഏരിയ നേതൃത്വത്തിനെതിരെ കാട്ടകാമ്പാലിൽ നിന്നുള്ള പ്രതിനിധി ഉയർത്തിയത്. പാർട്ടി നേതൃത്വം ഫോണിൽ വിളിച്ച് പറഞ്ഞ വിഷയത്തിൽ പോലും പ്രവർത്തകർക്ക് പൊലീസ് സ്റ്റേഷനിൽ നിന്നും മർദ്ദനമേൽക്കുന്ന സാഹചര്യമാണുള്ളതെന്ന വിമർശനവും ഉന്നയിക്കപ്പെട്ടു. കേച്ചേരി ലോക്കൽ സെക്രട്ടറിയായിരുന്ന സി.എഫ്. ജെയിംസ് അദാനി ഗ്രൂപ്പ് ഗ്യാസ് പൈപ്പ് ലൈനിന് വേണ്ടിയെടുത്ത കുഴിയിൽ വീണ് മരിച്ച സംഭവത്തിൽ കേസെടുത്തിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നിലപാടിനെതിരെയും പ്രതിനിധികളുടെ ഭാഗത്ത് നിന്ന് വിമർശനമുയർന്നു.