കൊടുങ്ങല്ലൂർ: താലൂക്ക് ആശുപത്രിയിൽ നാല് വയസുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തതായി പരാതി. സംഭവത്തിൽ യുവമോർച്ച പ്രവർത്തകർ ആശുപത്രിയ്ക്ക് മുമ്പിൽ

പ്രതിഷേധം സംഘടിപ്പിച്ചു. പുല്ലൂറ്റ് ഈരേഴത്ത് ഉമേഷിന്റെ നാല് വയസുള്ള മകൾക്കാണ് താലൂക്ക് ആശുപത്രിയിൽ നിന്ന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി ആക്ഷേപം ഉയർന്നത്.

ബുധനാഴ്ച പുലർച്ചെ ആശുപത്രിയിലെത്തിയ കുട്ടിക്ക് മൂക്കിലൊഴിക്കുന്നതിനായി കൊടുത്ത മരുന്നാണ് കാലാവധി കഴിഞ്ഞത്. പനിയും ജലദോഷവുമായെത്തിയ കുട്ടിക്ക് മരുന്ന് കൊടുത്തിട്ടും ശമനം കിട്ടാത്തതിനെ തുടർന്ന് മരുന്ന് പരിശോധിച്ചപ്പോഴാണ് തുള്ളി മരുന്നിന്റെ കാലാവധി കഴിഞ്ഞത് ശ്രദ്ധയിൽപ്പെടുന്നത്. നവംബർ 21ന് കാലാവധി കഴിഞ്ഞ മരുന്നാണ് ഡിസംബർ ഒന്നിന് വിതരണം ചെയ്തത്. നഗരസഭ പൊതുമരാമത്ത് ചെയർമാൻ ഒ.എൻ. ജയദേവൻ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് ഇ.ആർ. ജിതേഷ്, സി.കെ. സുമേഷ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.