വടക്കാഞ്ചേരി: ഉത്രാളിക്കാവിൽ വൃശ്ചിക മാസത്തിലെ ചിത്തിര നാളിൽ പ്രതിഷ്ഠാദിന ചടങ്ങുകൾ ഭക്തി നിർഭരമായ ചടങ്ങുകളോടെ നടന്നു. മേടമാസത്തിൽ നടക്കേണ്ട പ്രതിഷ്ഠാദിന ചടങ്ങുകൾ കൊവിഡ് മഹാമാരി മൂലം തടസപ്പെട്ടിരുന്നു. മലദൈവങ്ങളും താരകങ്ങളും അകമല താഴ്‌വാരത്തിലെ ഉത്രാളിക്കാവിൽ പ്രതിഷ്ഠാദിന ദിനത്തിൽ എത്തുമെന്നാണ് സങ്കൽപം. ദേവിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ദിനമാണ് പ്രതിഷ്ഠദിനമെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ തട്ടകവാസികൾ പ്രതിഷ്ഠാദിനത്തിൽ ക്ഷേത്രത്തിൽ എത്തിയിരുന്നു. രാവിലെ നിർമ്മാല്യ ദർശനത്തോടെ ചടങ്ങുകൾ ആരംഭിച്ചു. ഉദയാസ്തമന പൂജ, തന്ത്രി പൂജ, കളഭ ചാർത്ത്, കാഴ്ച ശീവേലി, പഞ്ചാരിമേളം, തിടമ്പെഴുന്നെള്ളിപ്പ് എന്നിവയും അന്നദാനവും നടന്നു. വൈകീട്ട് തിടമ്പെഴുന്നെള്ളിപ്പ്, പാണ്ടിമേളം, തായമ്പക, നിറമാല, ചുറ്റുവിളക്ക്, ദീപാരാധന, കേളി, കൊമ്പ്പറ്റ്, പഞ്ചവാദ്യം, കോമരത്തിന്റെ കൽപന എന്നിവ നടന്നു.