തൃശൂർ: അടിയന്തരമായി യോഗം ചേരേണ്ട സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടി കോർപ്പറേഷൻ അടിയന്തര കൗൺസിൽ യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. കോൺഗ്രസും ബി.ജെ.പിയും വിട്ടുനിന്നതോടെ യോഗം ശുഷ്‌കമായി. നഗരത്തിൽ അലഞ്ഞുനടക്കുന്ന പശുക്കളെ കണ്ടെത്തി സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയതും പരിപാലന ചുമതല ഏറ്റെടുത്തതും മാതൃകാ നടപടിയാണെന്ന് ഭരണപക്ഷം ചൂണ്ടിക്കാട്ടി. തുടക്കത്തിൽ ക്വാറം തികയാതിരുന്നതോടെ അൽപം വൈകിയാണ് യോഗ നടപടി തുടങ്ങിയത്. ക്വാറത്തിന് 19 കൗൺസിലർമാർ വേണം. ഇന്നലെ 22 കൗൺസിലർമാർ യോഗത്തിനെത്തി.
കൊച്ചിയിലെ ധ്യാൻ എന്ന സംഘടനയാണ് പശുക്കളുടെ സംരക്ഷണചുമതല ഏറ്റെടുക്കുന്നതെന്ന് മേയർ എം.കെ. വർഗീസ് അറിയിച്ചു. ട്രാഫിക്കിന് തടസമുണ്ടാകുന്ന വിധത്തിൽ കാളകൾ നഗരത്തിൽ തമ്പടിച്ച് കിടക്കുന്ന അവസ്ഥയ്ക്ക് പരിഹാരമായെന്ന് ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ ചൂണ്ടിക്കാട്ടി. 80 ൽപരം പശുക്കളെയാണ് മാറ്റുന്നത്. നായ്ക്കളുടെ പ്രശ്‌നവും ഗുരുതരമാണെന്നും ഉടൻ പരിഹാരം കാണണമെന്നും എം.എൽ. റോസി ആവശ്യപ്പെട്ടു.
മാലിന്യസംസ്‌കരണത്തിന് 24.3 കോടി
24.3 കോടി രൂപയുടെ മാലിന്യനിർമ്മാർജന പദ്ധതി എല്ലാ കൗൺസിലർമാരുമായും ചർച്ച ചെയ്ത് രൂപീകരിക്കണമെന്ന് ആവശ്യമുയർന്നു. വീടുകളിൽ വെക്കേണ്ട ബിന്നുകൾ, മാലിന്യങ്ങളുടെ തരംതിരിവ് എന്നിവ സംബന്ധിച്ച കൃത്യമായ മാർഗരേഖയുണ്ടാക്കണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു. മുമ്പ് മാലിന്യവിഷയത്തിൽ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കോർപറേഷന് ഹരിത മിഷൻ 4 കോടി രൂപ പിഴയിട്ടിരുന്നു. നഗരത്തിൽ 82,000 വീടുകളാണ് ആകെയുള്ളത്. പകുതിയോളം വീടുകളിൽ ഇനിയും ബിന്നുകൾ എത്തിക്കണമെന്ന് ഷാജൻ പറഞ്ഞു. ട്രാഫിക് പരിഷ്‌കാരം മൂലം പി.ഒ. റോഡ് വിജനമായ അവസ്ഥയിലായെന്നും കച്ചവടക്കാർ പ്രതിസന്ധിയിലായെന്ന് സി.പി.എമ്മിലെ പി.സുകുമാരൻ വിമർശിച്ചു.
അടിയന്തരമായി ചെയ്യേണ്ട ഒന്നുമില്ല: പ്രതിപക്ഷം
ചട്ടവിരുദ്ധമായാണ് യോഗം വിളിച്ചതെന്ന് പ്രതിപക്ഷനേതാവ് രാജൻ ജെ പല്ലൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ, ഉപനേതാവ് ഇ.വി. സുനിൽരാജ് എന്നിവർ അറിയിച്ചു. സ്‌പെഷ്യൽ കൗൺസിൽ വിളിക്കാൻ രേഖാമൂലം ആവശ്യപ്പെടുമെന്നും അവർ പറഞ്ഞു.