ആമ്പല്ലൂർ: അളഗപ്പ ടെക്സ്റ്റയിൽസ് തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജനകീയ സമരത്തിന് ട്രേഡ് യൂണിയനുകളുടെ യോജിപ്പ് ഇനി കൂടുതൽ ശക്തി പകരും. സ്ഥാപനത്തിന്റെ എക്കർ കണക്കിന് ഭൂമിയും കെട്ടിടങ്ങളും ഉൾപ്പടെയുള്ളവ കേന്ദ്രം സ്വകാര്യ മേഖലയ്ക്ക് വിറ്റ് തുലയ്ക്കാനുള്ള ശ്രമം നടത്തുമ്പോഴും തൊഴിലാളി യൂണിയനുകൾ പരസ്പരം കലഹിച്ച് നിൽക്കുകയായിരുന്നു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചെങ്കിലും ഇടക്കാലത്ത് സമരം അവസാനിപ്പിച്ചിരുന്നു. ഇതിനിടെയാണ് അളഗപ്പനഗർ പഞ്ചായത്ത് ഭരണ സമിതിയുടെ ഇടപെടലുണ്ടായത്. ഇനിയുള്ള സമരം തൊഴിലാളി സംഘടനകൾ ഒറ്റക്കെട്ടായാണ് നടത്തുക.
കൊവിഡ് വ്യാപനം രൂക്ഷമായതോടെ അടച്ചുപൂട്ടിയ ജില്ലയിലെ ഏറ്റവും വലിയ കേന്ദ്ര പൊതുമേഖല സ്ഥാപനം തുറക്കണമെന്നാവശ്യപ്പെട്ടുള്ള സമരമാണ് ട്രേഡ് യൂണിയനുകളുടെ അഭിപ്രായ വ്യത്യാസം മൂലം എങ്ങുമെത്താതെ നിന്നിരുന്നത്. ചരിത്രത്തിന്റെ ഭാഗമായ അളഗപ്പയിലെ തൊഴിൽ സമരങ്ങൾ അധികാരികളുടെ കണ്ണ് തുറപ്പിച്ച ചരിത്രമാണ് ഉള്ളത്.
ഒരുകാലത്ത് നാഷണൽ ടെക്സ്റ്റയിൽസ് കോർപ്പറേഷന് കീഴിലുണ്ടായിരുന്ന മില്ലുകളിൽ ഏറ്റവും ലാഭകരമായി പ്രവർത്തിച്ചിരുന്നതായിരുന്നു അളഗപ്പ ടെക്സ്റ്റയിൽസ്. മൂവായിരത്തോളം തൊഴിലാളികൾ മൂന്ന് ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന സ്ഥാപനം അടച്ചു പൂട്ടുമ്പോൾ നാനൂറോളം സ്ഥിരം തൊഴിലാളികളും അത്രയും താത്ക്കാലിക തൊഴിലാളികളുമാണുണ്ടായിരുന്നത്.
ബി.എം.എസ്, ഐൻ.ടി.യു.സി, എ.ഐ.ടിയുസി, സി.ഐ.ടി.യു.സി. എന്നിവരുടെ നേതൃത്വത്തിലാണ് ട്രേഡ് യൂണിയനുകൾ. ഗ്രാറ്റുവിറ്റിയുടെ ഉപജ്ഞാതാവായ പി.എസ്.നമ്പൂതിരിയുടെ നേതൃത്വത്തിൽ രൂപീകരിച്ച എ.ഐ.ടി.യുസി യൂണിയൻ മാത്രമായിരുന്നു ആദ്യകാലഘട്ടത്തിൽ സ്ഥാപനത്തിൽ ഉണ്ടായിരുന്നത്. തട്ടിൽ എസ്‌സ്റ്റേറ്റ് മനേജരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കെ.കരുണാകരന് തൃശൂർ താലൂക്കിൽ പ്രവേശിക്കരുതെന്ന കോടതി വിലക്ക് വന്നതോടെ അദ്ദേഹം ദീർഘകാലം അളഗപ്പ ടെക്സ്റ്റയിൽസ് ക്വാർട്ടേഴ്‌സിൽ താമസിച്ച് അളഗപ്പയിൽ ഐ.എൻ.ടിയുസി യൂണിയന് രൂപം നൽകി.
സ്ഥാപനം അടച്ച് പൂട്ടിയിട്ട് രണ്ട് വർഷത്തോളമാകാറായി. സ്ഥാപനത്തിൽ ജീവിക്കാൻ മറ്റ് മാർഗ്ഗങ്ങൾ ഇല്ലാതായതോടെ ക്വർട്ടേഴ്‌സുകളിൽ താമസിച്ചിരുന്ന ഒട്ടേറെപേർ ഒഴിഞ്ഞ് പോയി. പല ക്വാർട്ടേഴ്‌സുകളും തകർച്ചയുടെ വക്കിലായി. ദീർഘവീക്ഷണമുള്ള ഭരണാധികാരികളും കക്ഷി രാഷ്ട്രീയം മറന്ന് മന്ത്രിമാരും എം.എൽ.എമാരും പ്രവർത്തിച്ചതിനാലാണ് അച്യുതമേനോൻ മന്ത്രിസഭ കേരള ടെക്സ്റ്റയിൽസ് കോർപ്പറേഷൻ രൂപീകരിച്ചതും കാരിമുത്തു ത്യാഗരാജ ചെട്ടിയിരിൽ നിന്നും അളഗപ്പ ടെക്സ്റ്റയിൽസ് എറ്റെടുത്തതും. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ നാഷണൽ ടെക്സ്റ്റയിൽസ് കോർപ്പറേഷൻ രൂപീകരിച്ചതും തുടർന്നാണ്. അളഗപ്പയുടെ സമര ചരിത്രം അധികാരികളുടെ കണ്ണ് തുറപ്പിക്കുമെന്ന് തന്നെയാണ് തൊഴിലാളികളുടെ പ്രതീക്ഷ.