 
ജനകീയ ഹോട്ടലിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച് ജില്ലാ കളക്ടർ ഹരിത വി.കുമാർ നടത്തിപ്പുകാരായ വനിതകളോട് സൗഹൃദം പങ്കുവെക്കുന്നു.
വരന്തരപ്പിള്ളി: ഗ്രാമപഞ്ചായത്ത് ജനകീയ ഹോട്ടലിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച് ജില്ലാ കളക്ടർ ഹരിത വി.കുമാർ. 20 രൂപയുടെ ഉച്ചയൂണാണ് കളക്ടറും സംഘവും കഴിച്ചത്. മേഖലയിലെ ട്രൈബൽ കോളനികൾ സന്ദർശിക്കാൻ പോകുന്ന വഴി ജനകീയ ഹോട്ടലിൽ ഉച്ചഭക്ഷണം കഴിക്കാൻ എത്തുകയായിരുന്നു കളക്ടർ. 20 രൂപയ്ക്ക് സ്വാദിഷ്ടമായ ഭക്ഷണം തയ്യാറാക്കി നൽകുന്ന ജീവനക്കാരെ കളക്ടർ അഭിനന്ദിച്ചു. വിശ്വസിച്ച് ഭക്ഷണം കഴിക്കാവുന്ന ഇടങ്ങളാണ് ജനകീയ ഹോട്ടലുകളെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ചോറ്, സാമ്പാർ, മീൻചാറ്, കാളൻ, ബീറ്റ്‌റൂട്ട് തോരൻ, വാഴപ്പിണ്ടി അച്ചാർ എന്നിവയ്ക്ക് പുറമെ സ്‌പെഷ്യലായി ചിക്കൻ കറിയും ഉണ്ടായിരുന്നു. വനിതാ കാന്റീനായി പ്രവർത്തിച്ചിരുന്ന ഹോട്ടൽ രണ്ട് വർഷം മുമ്പാണ് ജനകീയ ഹോട്ടലായി മാറിയതെന്ന് നടത്തിപ്പുകാരായ വനിതകൾ അറിയിച്ചു. ലിസി, ഭവാനി, രമണി, അംബിക, സീന എന്നിവരുടെ നേതൃത്വത്തിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്. രാവിലെ 9 മുതൽ വൈകീട്ട് 4 വരെയാണ് പ്രവർത്തന സമയം. ദിവസവും 75 പേരോളം ഹോട്ടലിലെത്തി ഭക്ഷണം കഴിക്കാറുണ്ടെന്ന് ഇവർ പറയുന്നു. വീടുകളിലേക്ക് പാഴ്‌സലായും ഉച്ചയൂണ് ആളുകൾ കൊണ്ട് പോകുന്നുണ്ട്.