കാഞ്ഞാണി: മണലൂർ പഞ്ചായത്ത് മൃഗാശുപത്രിയിൽ പുതിയ ഡോക്ടർ ചാർജെടുത്തു. കഴിഞ്ഞ രണ്ട് മാസമായി ഇവിടെ ഡോക്ടർ ഇല്ലാതെ പൊതുജനങ്ങൾ ദുരിതത്തിലായിരുന്നു. ഇക്കാര്യം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ജോൺസന്റെ അടിയന്തര ഇടപെടലാണ് ഡോക്ടറെ നിയമിക്കാൻ വഴിയൊരുക്കിയത്. നിലവിലുണ്ടായിരുന്ന ഡോക്ടറെ സ്ഥലം മാറ്റിയെങ്കിലും സ്ഥിരമായി ഡോക്ടറെ നിയമിക്കാതെ സമീപത്തെ മൃഗാശുപത്രിയിലെ ഡോക്ടർക്കാണ് താത്കാലിക ചാർജ് നൽകിയിരുന്നത്. എന്നാൽ ഡോക്ടറുടെ സേവനവും, മരുന്നും ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ക്ഷീര കർഷകർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. മരുന്ന് വാങ്ങാൻ മൂന്ന് ലക്ഷം രൂപ അനുവദിച്ചെങ്കിലും ഡോക്ടർ ഇല്ലാത്തതിനാൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. തൃശൂർ സ്വദേശിയായ അഞ്ജു അന്ന ജയിംസ് ആണ് പുതിയ ഡോക്ടറായി ചാർജെടുത്തിരിക്കുന്നത്. നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ച് മൃഗാശുപത്രിയിലേക്ക് ആവശ്യമായ മരുന്നുകളെല്ലാം വാങ്ങിയെന്നും നൂറ് ശതമാനം ഫണ്ട് വിനിയോഗിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ജോൺസൺ പറഞ്ഞു.