
തൃശൂർ: വിദ്യാർത്ഥികൾക്കുള്ള സംസ്‌കൃതം സ്‌കോളർഷിപ്പ് തുക വർദ്ധിപ്പിച്ചപ്പോൾ ആനുകൂല്യത്തിൽ നിന്നും പുറത്തായത് 10,810 വിദ്യാർത്ഥികൾ. വർദ്ധനയ്ക്ക് ആനുപാതികമായി തുക അനുവദിക്കാത്തതാണ് കാരണം. മുമ്പുള്ളതിനേക്കാൾ കുറവ് തുകയാണ് ഇത്തവണ സ്‌കോളർപ്പിപ്പിനായി വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചതെന്ന് സംസ്‌കൃതാദ്ധ്യാപക ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു.
പ്രൈമറിതലത്തിൽ 500 രൂപയാണ് (പഴയത് 100 ) സ്‌കോളർഷിപ്പ് തുക. അപ്പർ പ്രൈമറി 750ഉം (400) , ഹൈസ്‌കൂൾ തലത്തിൽ 1000 (600) രൂപയുമായാണ് തുകകൾ ഉയർത്തിയത്.
ഒരു കോടിയുടെ സ്ഥാനത്ത് 70 ലക്ഷമാണ് അനുവദിച്ചത്. പ്രശ്‌നം വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും പരിശോധിക്കാമെന്ന് ഉറപ്പ് നൽകിയെന്നും ഭാരവാഹികൾ പറഞ്ഞു. സംസ്ഥാനത്ത് 41 വിദ്യാഭ്യാസ ജില്ലകളും 162 ഉപജില്ലകളുമാണുള്ളത്. വിദ്യാഭ്യാസ ജില്ല, ഉപജില്ല അടിസ്ഥാനത്തിൽ പരീക്ഷ നടത്തിയാണ് അർഹരായ വിദ്യാർത്ഥികളെ തിരഞ്ഞെടുത്തിരുന്നത്. യു.പി മുതൽ ഹൈസ്‌കൂൾ തലം വരെയുള്ള സംസ്‌കൃതം കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിരുന്നു.
സ്കോളർഷിപ്പ് ഇങ്ങനെ
മുമ്പ് ലഭിച്ചത് 17,410 വിദ്യാർത്ഥികൾക്ക്
ഇപ്പോൾ ലഭിക്കുക 6,600 പേർക്ക്
നഷ്ടമാകുന്നത് 10,810 വിദ്യാർത്ഥികൾക്ക്
സംസ്‌കൃതം പ്രോത്സാഹിപ്പിക്കാനാണ് സ്‌കോളർഷിപ്പ് നൽകിയിരുന്നത്. കുറെ വിദ്യാർത്ഥികൾ പുറത്താകുമ്പോൾ സംസ്‌കൃതത്തോടുള്ള താത്പര്യം കുറയും. കേന്ദ്ര സർക്കാർ മുന്തിയ പരിഗണന നൽകുമ്പോഴാണ് സംസ്ഥാന സർക്കാരിന്റെ നിഷേധാത്മക നിലപാട്.
പത്മനാഭൻ ഗുരുവായൂർ
സംസ്ഥാന പ്രസിഡന്റ്
സംസ്‌കൃതാദ്ധ്യാപക ഫെഡറേഷൻ.