കൊടകര: സഹൃദയയിലെ ബിസിനസ് ഇൻകുബേറ്ററുകളിലേയും വിദ്യാർത്ഥികളുടേയും പ്രോജക്ടുകൾ ഉത്പ്പന്നങ്ങളാക്കി വിപണിയിൽ ഇറക്കുന്നതിനായി സഹൃദയ എൻജിനീയറിംഗ് കോളേജും ശ്രീചിത്തിരയും ധാരണാപത്രം ഒപ്പിട്ടു. തിരുവനന്തപുരം ശ്രീ ചിത്തിര തിരുന്നാൾ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയുടെ ബിസിനിസ് ഇൻകുബേറ്ററായ ടിമിഡും അനുബന്ധിച്ചുള്ള ടെക്‌നോളജി ട്രാൻസ്ഫർ ഓഫീസും സഹൃദയ കോളേജുമായാണ് സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. ഇത് വഴി ബയോമെഡിക്കൽ, ബയോടെക്‌നോളജി വിഭാഗങ്ങളിലെ കുട്ടികളുടെ പ്രോജക്ടുകൾക്ക് പേറ്റന്റ് എടുക്കുന്നതിനും പല വ്യവസായ ശൃംഖലയുമായും സഹകരിച്ച് ഉത്പ്പന്നങ്ങളായി വിപണിയിലിറക്കാനും സഹായിക്കുന്നു. പഠിക്കുന്നതോടൊപ്പം സ്റ്റാർട്ട്അപ്പ് കമ്പനികൾ തുടങ്ങുന്നതിനും സഹൃദയയിലെ വിദ്യാർത്ഥികളെ പ്രാപ്തരാക്കാനാണ് പദ്ധതി. ഇതുമായി ബന്ധപ്പെട്ട് പരിശീലനങ്ങളും ക്ലാസുകളും സാങ്കേതിക സഹായങ്ങളും സഹൃദയയിലെ വിദ്യാർത്ഥികൾക്ക് ലഭിക്കും. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര, ദേശീയ തലങ്ങളിൽ സഹൃദയയിലെ വിദ്യാർത്ഥികളുടെ നിരവധി പ്രൊജക്ടുകൾ തിരഞ്ഞെടുക്കപ്പെടുകയും അവാർഡുകൾ നേടുകയും ചെയ്തിട്ടുണ്ട്. ഈ പ്രൊജക്ടുകൾ സമൂഹനന്മക്കായി ജനോപകാര പ്രദമായ രീതിയിൽ ഉത്പ്പന്നങ്ങളാക്കി മാറ്റാൻ ഒരുങ്ങുകയാണ്. ചടങ്ങിൽ സഹൃദയ എക്‌സി. ഡയറക്ടർ ഫാ.ജോർജ് പാറേമാൻ, പ്രിൻസിപ്പൽ ഡോ.നിക്‌സൻ കുരുവിള, ശ്രീചിത്തിര ടിമിഡ് സി.ഇ.ഒ എസ്.ബൽറാം, എൻജിനീയമാരായ രാജ് കൃഷ്ണ രാജൻ, സി.ജി. സന്ധ്യ, സഹൃദയ ബയോമെഡിക്കൽ വിഭാഗം മേധാവി ഡോ.ഫിന്റൊ റാഫേൽ, ബയോ ടെക്‌നോളജി വിഭാഗം മേധാവി, ഡോ.അമ്പിളി മേച്ച്വർ തുടങ്ങിയവർ പങ്കെടുത്തു.