എറിയാട് മാടവന കുടുംബാരോഗ്യ കേന്ദ്രത്തിൻ
കൊടുങ്ങല്ലൂർ: എറിയാട് മാടവന കുടുംബാരോഗ്യ കേന്ദ്രത്തിൻ വാക്‌സിനായി തിക്കും തിരക്കും. നിരവധി പേരാണ് വാക്സിൻ സ്വീകരിക്കുന്നതിനായി വ്യാഴാഴ്ച പുലർച്ചെ മുതൽ ആരോഗ്യ കേന്ദ്രത്തിന് മുമ്പിൽ വരിവരിയായി നിന്നത്. ദീർഘനേരം കാത്തുനിന്നിട്ടും ടോക്കൺ കിട്ടാതെ വന്നതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. പിന്നീട് നാട്ടുകാരും ആരോഗ്യ പ്രവർത്തകരും തമ്മിൽ രൂക്ഷമായ വാക്ക് തർക്കമുണ്ടായി. ഓൺലൈനായി ബുക്ക് ചെയ്തവർ ഉൾപ്പെടെ മുന്നൂറ്റി അമ്പത് പേർക്ക് വാക്‌സിൻ നൽകുമെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ നേരം പുലരും മുമ്പെ ആയിരത്തോളം ആളുകൾ വരിയിൽ ഇടം പിടിച്ചിരുന്നു. ആരോഗ്യ കേന്ദ്രത്തിന് മുമ്പിലൂടെ ഇരുന്നൂറ് മീറ്ററോളം നീളത്തിൽ വരി നീണ്ടു. ഏറെ നേരം കഴിഞ്ഞിട്ടും ടോക്കൺ ലഭിക്കാതെ വന്നതിനെ തുടർന്ന് കാത്തുനിന്നവർ പ്രകോപിതരായി. തിരക്കും ബഹളവും വർദ്ധിച്ചതോടെ പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്.
അമ്പതിനായിരത്തോളം പേർ ഉൾക്കൊള്ളുന്ന പഞ്ചായത്തിൽ ഇപ്പോൾ ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് വാക്സിൻ നൽകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. നേരത്തെ ആഴ്ചയിൽ മൂന്ന് തവണ വാക്സിൻ വിതരണം ചെയ്തിരുന്നു. ഒമിക്രോൺ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ വാക്സിൻ കാര്യക്ഷമമായി വിതരണം ചെയ്യുന്നതിൽ അധികാരികൾ അനാസ്ഥ കാണിക്കുകയാണെന്ന് ജനപ്രതിനിധികൾ ആരോപിച്ചു. ഇനിയുള്ള ദിവസങ്ങളിൽ വാക്‌സിനേഷന് വാർഡ് മെമ്പർമാർ മുഖേന ടോക്കൺ വിതരണം ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.