കയ്പമംഗലം: ചാമക്കാല ഗവ. മാപ്പിള ഹയർ സെക്കൻഡറി സ്‌കൂളിലെ പൂർവ വിദ്യാർത്ഥി സംഘടനയായ ഒസാക്‌സ് യു.എ.ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ എം.സി.എം അക്ബറലി മെമ്മോറിയൽ സ്‌കോളർഷിപ്പ് വിതരണം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത മാർക്കോടെ വിജയിക്കുകയും തുടർപഠനത്തിന് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കാണ് എല്ലാ മാസവും സ്‌കോളർഷിപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്.
സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയും ഹോട്ട്പാക്ക് എം.ഡിയുമായ പി.ബി. അബ്ദുൽ ജബ്ബാറിന്റെ സഹകരണത്തോടെയാണ് സ്‌കോളർഷിപ്പ് നൽകുന്നത്. ഹോട്ട്പാക്ക് പ്രതിനിധി എം.സി.എം മൊയ്തീൻകുട്ടി വിതരണോദ്ഘാടനം നടത്തി. പി.എ. മുഹമ്മദ് അദ്ധ്യക്ഷനായി. ഒസാക്‌സ് ജനറൽ സെക്രട്ടറി കെ.കെ. അഫ്‌സൽ, സ്‌കൂൾ പ്രിൻസിപ്പൽ ആന്റോ പി. പോൾ, പ്രധാനദ്ധ്യാപിക ബീന ബേബി, പി.ടി.എ പ്രസിഡന്റ് പി.കെ. ഹംസ, ഷൈജൻ ശ്രീവത്സം, എം.സി.എ ഷമീറലി എന്നിവർ സംസാരിച്ചു.