mayor
കോരപ്പത്ത് ലൈനിൽ ബെൽമൗത്തിന് ഭാരതീയ വിദ്യാഭവൻ സ്ഥലം വിട്ടു നൽകുന്നതിന്റെ ഭാഗമായുളള പ്രവർത്തനങ്ങൾക്ക് മേയർ എം.കെ.വർഗീസ് തുടക്കം കുറിക്കുന്നു.

തൃശൂർ: കോരപ്പത്ത് ലൈനിൽ നിന്നും ടൗൺഹാൾ റോഡിലേക്കും വടക്കേ സ്റ്റാൻഡിലേക്കും തിരിയുന്ന ജംഗ്ഷനിൽ ബെൽ മൗത്തിന് സ്ഥലം വിട്ടു നൽകി ഭാരതീയ വിദ്യാഭവൻ. കോരപ്പത്ത് ലൈൻ റോഡിൽ നിന്നും വടക്കേ സ്റ്റാൻഡിലേക്കും ടൗൺ ഹാൾ റോഡിലേക്ക് പോകുന്നവരും വടക്കേ ബസ് സ്റ്റാൻഡിൽ നിന്നും ടൗൺഹാൾ റോഡിലേക്കുളളവരും ഹോളി ഫാമിലി, സേക്രട്ട് ഹാർട്ട് സ്‌കൂളുകളിൽ നിന്നും വടക്കേ സ്റ്റാൻഡിലേക്ക് പോകുന്നവരും വന്നുചേരുന്ന ഈ ജംഗ്ഷനിൽ ഗതാഗത കുരുക്ക് നിത്യ സംഭവമാണ്. കൗൺസിലർ റെജി ജോയി, വിദ്യാഭവൻ സ്‌കൂളിന്റ അധികാരികൾക്ക് കോരപ്പത്ത് ലൈനിൽ നിന്നും ടൗൺഹാളിലേയ്ക്ക് പോകുന്ന മൂലയിൽ ബെൽമൗത്തിന് സ്ഥലം വിട്ടു തരണമെന്ന് അഭ്യർത്ഥിച്ച് കത്ത് നൽകിയിരുന്നു. മേയറേയും അറിയിച്ചു. കമ്മിറ്റിയുടെ ചെയർമാനും പ്രമുഖ വ്യവസായിയുമായ പട്ടാഭിരാമൻ കൗൺസിലറുടെയും നാട്ടുകാരുടെയും ആവശ്യം തത്വത്തിൽ അംഗീകരിച്ച് അനുമതിയ്ക്കായി ഉന്നത അധികാര കേന്ദ്രമായ മുംബെയിലേക്ക് അയച്ചു. ആറ് മാസങ്ങളോളം നടന്ന കത്തിടപാടുകൾക്കൊടുവിൽ ബെൽമൗത്ത് പണിയുന്നതിന് ഭാരതീയ വിദ്യാഭവൻ അധികാരികൾ സ്ഥലം അനുവദിച്ചു. മേയർ എം.കെ. വർഗീസ്, ചെയർമാൻ പട്ടാഭിരാമൻ, കൗൺസിലർ റെജി ജോയ്, കോരപ്പത്ത് റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ ബെൽ മൗത്തിന് വിട്ടുതന്ന സ്ഥലത്തിന് ചുറ്റുമുണ്ടായിരുന്ന മതിൽ പൊളിച്ചു. കോരപ്പത്ത് ലൈനിൽ നിന്നും വടക്കേ സ്റ്റാൻഡിലേക്ക് തിരിയുന്ന ഭാഗത്ത് സ്ഥിതിചെയ്യുന്ന എൻ.ജി.ഒ അസോസിയേഷൻ ഭാരവാഹികൾ കൂടി ബെൽമൗത്തിന് സ്ഥലം വിട്ടു തന്നാൽ വലിയ ഗതാഗതക്കുരുക്കിന് പരിഹാരം ആകുമെന്നും അതിനുവേണ്ടി എൻ.ജി.ഒ അസോസിയേഷൻ ഭാരവാഹികളോട് സ്ഥലം വിട്ടു തരുന്നതിന് ആവശ്യപ്പെടുമെന്നും മേയറും കൗൺസിലറും പറഞ്ഞു.