കൊടുങ്ങല്ലൂർ: കയ്പമംഗലം മണ്ഡലത്തിലെ ഏഴ് പഞ്ചായത്തിലെയും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉന്നതതല യോഗം വിളിച്ചു ചേർത്തു. വാട്ടർ അതോറിറ്റി ഉണർന്ന് പ്രവർത്തിക്കണമെന്നും മെച്ചപ്പെട്ട സർവീസ് പൊതുജനങ്ങൾക്ക് ഉറപ്പ് വരുത്തണമെന്നും എം.എൽ.എ അഭിപ്രായപ്പെട്ടു. തീരദേശ മേഖലയിൽ ആവശ്യമായ പൈപ്പ്‌ലൈൻ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത്യാവശ്യത്തിന് കുടിവെള്ളം ലഭ്യമാകുന്നില്ലെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാണിച്ചു. നിലവിൽ വെള്ളയാനിൽ നിന്ന് വരുന്ന പ്രധാന പൈപ്പുകളിൽ മെയ്ന്റനൻസ് പ്രവൃത്തികൾ എത്രയും വേഗത്തിൽ ചെയ്ത് വെള്ളം കൂടുതൽ പമ്പ് ചെയ്യുവാനുള്ള നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. ശാശ്വത പരിഹാരം ഉറപ്പ് വരുത്താനും ദീർഘകാല പദ്ധതികൾക്ക് വേഗം കൂട്ടുവാനും ജലവിഭവ വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ ഉന്നതതല യോഗം ചേരും. പഞ്ചായത്ത് പ്രസിഡന്റുമാരായ എം.എസ് മോഹനൻ, ടി.കെ ചന്ദ്രബാബു, സീനത്ത് ബഷീർ, ബിന്ദു രാധാകൃഷ്ണൻ, ശോഭന രവി, വിനീത മോഹൻദാസ്, എറിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീന റാഫി, വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനിയർ കെ.ആർ വിജുമോഹൻ തുടങ്ങിയവർ

യോഗത്തിൽ പങ്കെടുത്തു.