ചാലക്കുടി: ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സച്ചിദാനന്ദ സ്വാമിക്ക് എസ്.എൻ. ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇന്ന് സ്വീകരണം നൽകും. ക്ലബ് ഹാളിൽ വൈകീട്ട് 7 ന് നടക്കുന്ന ചടങ്ങ് ടി.ജെ.സനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചാലക്കുടി പരിസരത്തെ നിർധനരായ രോഗികൾക്ക് ചികിത്സാ സഹായവും യോഗത്തിൽ വിതരണം ചെയ്യും. ദേശീയ മാസ്റ്റേഴ്‌സ് നീന്തൽ മത്സരത്തിൽ കേരളത്തിന് വേണ്ടി സ്വർണം കരസ്ഥമാക്കിയ തൃശൂർ പൊലീസ് ക്രൈംബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ പി.ഡി. അനിൽകുമാറിനെ ചടങ്ങിൽ ആദരിക്കും. പ്രസിഡന്റ് എം.എൻ.അഖിലേശൻ, സെക്രട്ടറി എം.ആർ.ബാബു തുടങ്ങിയവർ നേതൃത്വം നൽകും.