തൃശൂർ: അദ്ധ്യാപക വിദ്യാർത്ഥി സൗഹൃദമാണ് നല്ല ഗുരുനാഥന്റെ ലക്ഷണമെന്ന് പലവട്ടം തെളിയിച്ചയാളാണ് ഡോ. കൽപ്പറ്റ ബാലകൃഷ്ണനെന്ന് മുൻ പ്രതിരോധമന്ത്രി എ.കെ. ആന്റണി. ഡോ. കൽപ്പറ്റ ബാലകൃഷ്ണൻ ഒന്നാം ചരമവർഷിക ദിനാചരണത്തിൽ ഓൺലൈൻ മുഖേന സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃത്യമായ രാഷ്ട്രീയമുണ്ടായിട്ടും കോളേജിൽ വിദ്യാർത്ഥികളോട് കക്ഷി രാഷ്ട്രീയത്തിന് അതീതമായ ബന്ധം സ്ഥാപിക്കുകയും സമഭാവനയോടെ പെരുമാറുകയും ചെയ്ത അദ്ധ്യാപകനായിരുന്നു ഡോ. കൽപ്പറ്റയെന്നു ഉദ്ഘാടകനായ മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. സാഹിത്യ രംഗത്ത് മാത്രമല്ല സിനിമാരംഗത്തും കൈയ്യൊപ്പ് ചാർത്തിയ ഡോ. ബാലകൃഷ്ണൻ മലമുകളിലെ ദൈവം എന്ന ആദ്യചിത്രത്തിന് തന്നെ ദേശീയ അവാർഡ് നേടിയത് അദ്ദേഹത്തിന്റെ മികവാണെന്ന് ഡോ. എം.ആർ. തമ്പാൻ ചൂണ്ടിക്കാട്ടി.
പ്രഥമ കൽപ്പറ്റ സ്മൃതി പുരസ്‌കാരം എം.കെ. സാനു, ഡോ. എം. ലീലാവതി എന്നിവർക്ക് വേണ്ടി യഥാക്രമം മകൻ രഞ്ജിത്ത് സാനു സഹോദരൻ എം. ശ്രീധരൻ എന്നിവർ മന്ത്രി കെ. രാധാകൃഷ്ണനിൽ നിന്നും ഏറ്റുവാങ്ങി. ഇരുവരുടെയും സന്ദേശങ്ങൾ സദസ്സിൽ വായിച്ചു. സാഹിത്യ അക്കാഡമി മുൻ സെക്രട്ടറി ഡോ. പി.വി. കൃഷ്ണൻ നായർ അദ്ധ്യക്ഷനായി. കൽപ്പറ്റ ബാലകൃഷ്ണൻ സ്മൃതി പുസ്തകം 'അവിശ്വസനീയം' പ്രകാശനം സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ നിർവഹിച്ചു.
ഇ.ഡി. ഡേവീസ് പുസ്തകം ഏറ്റുവാങ്ങി. പി. ബാലചന്ദ്രൻ എം.എൽ.എ മുഖ്യപ്രഭാഷണം നിർവഹിച്ചു. സാഹിത്യ അക്കാഡമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ, കവി സി. രാവുണ്ണി, എൻ. ശ്രീകുമാർ, കെ. ഉണ്ണിക്കൃഷ്ണൻ, ഡോ. സരസ്വതി ബാലകൃഷ്ണൻ, അപർണ ബാലകൃഷ്ണൻ, ജയസൂര്യ ബാലകൃഷ്ണൻ, കശ്യപ് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.