ola

തൃശൂർ: നെല്ലിന്റെ ഓല കരിച്ചിൽ രോഗം മൂലം മുല്ലശേരി, വെങ്കിടങ്ങ്, അരിമ്പൂർ മേഖലയിൽ വ്യാപക കൃഷിനാശം. എല്ലാ പ്രായത്തിലുമുള്ള നെൽച്ചെടികളെയും ഇത് ബാധിക്കും. വെള്ളം രാസപരിശോധന നടത്തണമെന്നും കീടങ്ങളെ നശിപ്പിക്കാനായി മരുന്നു തളിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.
വെള്ളത്തിലൂടെ പകരുന്ന സാന്തോമൊണാസ് ഒറൈസേ എന്ന ബാക്ടീരിയ വഴിയാണ് ഓല കരിച്ചിൽ ഉണ്ടാകുന്നതെന്ന് കാർഷിക സർവകലാശാല ശാസ്ത്രജ്ഞർ പറഞ്ഞു. ഇലകളുടെ അറ്റത്ത് നിന്ന് തുടങ്ങി വശങ്ങളിലൂടെ താഴോട്ട് മഞ്ഞളിപ്പ് ബാധിക്കും. വൈക്കോൽ നിറത്തിൽ കരിയുകയും ചെയ്യും. മഴയും വെള്ളക്കെട്ടുമുണ്ടെങ്കിൽ രോഗം വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്. തക്ക സമയത്ത് പ്രതിരോധ മാർഗ്ഗം സ്വീകരിച്ചാൽ വിള നഷ്ടം കുറയ്ക്കാം.

പ്രതിരോധം

20 ഗ്രാം (ഒരു തീപ്പെട്ടിക്കൂടിൽ കൊള്ളുന്നത്) പച്ചച്ചാണകം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി 10 ദിവസം ഇടവിട്ട് രണ്ട് തവണ ചെടികളിൽ സ്‌പ്രേ ചെയ്യണം. സ്യൂഡോമൊണാസ് ഫ്‌ളൂറസെൻസ് എന്ന ബാക്ടീരിയ അടങ്ങുന്ന മിശ്രിതം ലിറ്ററിന് 10 ഗ്രാം തോതിൽ കലക്കി തളിക്കാം. സ്‌ട്രെപ്‌റ്റോസൈക്‌ളിൻ എന്ന ആന്റിബയോട്ടിക് 40 ലിറ്റർ വെള്ളത്തിന് ആറ് ഗ്രാം തോതിൽ കലക്കി തളിക്കുന്നതും നല്ല പ്രതിരോധ മാർഗ്ഗമാണ്.

സ്യൂഡോമൊണാസും സ്‌ട്രെപ്‌റ്റോസൈക്‌ളിനും ഒരേക്കറിന് 200 ലിറ്റർ എന്ന തോതിൽ വേണം തളിക്കാൻ. ഏക്കറിന് രണ്ട് കിലോ ബ്‌ളീച്ചിംഗ് പൗഡർ ചെറിയ കിഴികളാക്കി വയലിന്റെ പല ഭാഗങ്ങളിൽ നിക്ഷേപിക്കുന്നത് അണുനാശത്തിന് സഹായിക്കും. അടുത്ത വയലിലേക്ക് വെള്ളം ഒഴുകിപ്പോകുന്നിടത്തും കിഴികൾ വയ്ക്കാം. നെല്ലിന് പാൽ ഉറയ്ക്കുന്നത് വരെ ഇത്തരം പ്രതിരോധ മാർഗ്ഗം ഗുണം ചെയ്യും.

കോൾ മേഖലയിൽ വൻ ഭീഷണിയായി മാറിയ ഓലക്കരിച്ചിലിന് പരിഹാരം വേണം. അടിയന്തര പരിഹാര നടപടി സ്വീകരിക്കണമെന്ന് കോൾ അഡൈ്വസറി കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് വരുന്നത് വരെ ചാൽ ആഴം കൂട്ടൽ നിറുത്തി വയ്ക്കണം.

കെ.കെ. കൊച്ചുമുഹമ്മദ്

പ്രസിഡന്റ്

കോൾ കർഷക സംഘം