 
കയ്പമംഗലം: സാറ്റിൻ റിബൺ ഉപോയോഗിച്ച് റോസാപുഷ്പം നിർമ്മിച്ച് ഇരട്ട റെക്കാഡ് നേടി കയ്പമംഗലം സ്വദേശി ഷിജിത. സാറ്റിൻ റിബൺ ഉപയോഗിച്ച് ഏറ്റവും ചെറിയ റോസാപുഷ്പം ഒരു മിനിറ്റ് കൊണ്ട് നിർമ്മിച്ചതിനാണ് ഇന്ത്യ ബുക്‌സ് ഒഫ് റെക്കാഡിനും ഏഷ്യൻ ബുക്ക് ഒഫ് റെക്കാഡിനും അർഹത നേടിയത്.
മക്കൾ പഠിക്കുന്ന കയ്പമംഗലം ഈസ്റ്റ് ആർ.സി.യു പി സ്‌കൂളിൽ പി.ടി.എ അംഗമായ ഷിജിത സ്‌കൂളിലെ പ്രവേശനോത്സവത്തിന്റ ഭാഗമായി ക്ലാസ് റൂമുകൾ അലങ്കരിക്കാനായാണ് ക്രാഫ്റ്റ് വർക്കുകൾ ചെയ്തത്. സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ പേപ്പർ ക്രാഫ്റ്റ് വർക്ക് ചെയ്തിരുന്നു. ഒരു വർഷത്തോളമായി സാറ്റിൻ റിബൺ ഉപയോഗിച്ച് ഫ്ളവർ നിർമ്മാണം നടത്തുന്നു.
കയ്പമംഗലം പനമ്പിക്കുന്ന് പടിഞ്ഞാറ് പഴങ്കണ്ടത്തിൽ പരേതനായ ഷണ്മുഖന്റെയും അമൃതകുമാരിയുടെയും മകളാണ് ഷിജിത. വാഹനങ്ങളിൽ തൂക്കിയിടുന്നതിനും വീടുകളിൽ പല ആഘോഷങ്ങൾക്ക് അലങ്കരിക്കാനും സാറ്റിൻ ഫ്‌ളവറുകൾക്ക് ആവശ്യക്കാരേറെയുണ്ടെന്ന് ഷിജിത പറയുന്നു. ക്രാഫ്ട് ജോലികളിലൂടെ വരുമാനം കണ്ടെത്താനാകുന്നുണ്ടെന്നും ഇവർ പറയുന്നു.
റെക്കാഡ് നേട്ടം ഈവിധം
മൂന്ന് സെന്റിമീറ്റർ കനത്തിലും ഒരു സെന്റിമീറ്റർ വ്യാസത്തിലും പുഷ്പം നിർമ്മിച്ചാൽ മാത്രമേ ഇന്ത്യ ബുക്‌സ് ഒഫ് റെക്കാഡിന് പരിഗണിക്കൂവെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിരുന്നു. എന്നാൽ രണ്ട് സെന്റീമീറ്റർ കനത്തിൽ 0.8 സെന്റീമീറ്റർ വ്യാസത്തിൽ ഒരു മിനുറ്റ് കൊണ്ട് പുഷ്പം തീർത്താണ് ഷിജിത റെക്കാഡ് കരസ്ഥമാക്കിയത്.