തൃശൂർ: മെഡിക്കൽ കോളേജിലെ ജീവനക്കാർക്ക് സൗജന്യ ചികിത്സ നൽകണമെങ്കിൽ തിരിച്ചറിയൽ കാർഡിന്റെ കോപ്പിയും ഫോമും പൂരിപ്പിച്ച് നൽകണമെന്ന നിബന്ധനയ്ക്കെതിരെ പ്രതിഷേധം ശക്തം. ഭിന്നശേഷി ദിനാചരണ ദിനത്തിൽ ദിന്നശേഷിക്കാരനായ ജീവനക്കാരന് കാർഡ് ഹാജരാക്കാത്തതിന്റെ പേരിൽ ചികിത്സയ്ക്ക് പണം നൽകേണ്ടിവന്നു.
മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ജീവനക്കാർക്കുള്ള ചികിത്സയ്ക്ക് രേഖകൾ ഹാജരാക്കണമെന്ന തീരുമാനം അധികൃതർ നടപ്പാക്കിയത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തേടിയാൽ പോലും രേഖകൾ ഹാജരാക്കിയാൽ മാത്രമേ സൗജന്യം നൽകേണ്ടതുള്ളൂവെന്നാണ് നിർദ്ദേശമത്രെ.
ഇന്നലെ രാവിലെ ഒരു വനിതാ ജീവനക്കാരിക്കും ഉച്ചയ്ക്ക് പ്രിൻസിപ്പൽ ഓഫീസിലെ ഭിന്നശേഷിക്കാരനായ ഒരു ജീവനക്കാരനും തിരിച്ചറിയൽ കാർഡും ഫോമും പൂരിപ്പിച്ച് നൽകാത്തിനെ തുടർന്ന് സൗജന്യ ചികിത്സ നിഷേധിച്ചിരുന്നു. കാലങ്ങളായി തുടരുന്ന വ്യവസ്ഥ പിൻവലിച്ച നടപടിക്കെതിരെ എൻ.ജി.ഒ അസോസിയേഷൻ ഭാരാവാഹികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ നിലവിലെ സ്ഥിതി തുടരാമെന്ന് സമ്മതിച്ചിരുന്നതാണ്.
എന്നാൽ ജീവനക്കാർക്ക് സൗജന്യ ചികിത്സ നിഷേധിച്ചതിലൂടെ ഈ ഉറപ്പ് ലംഘിച്ചെന്ന് മെഡിക്കൽ കോളേജ് എൻ.ജി.ഒ അസോസിയേഷൻ ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ് കെ.എസ്. മധു പ്രസ്താവനയിൽ കുറ്റപ്പെടുത്തി.