vivu

കൂനംമൂച്ചി സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് ദേവാലയ പരിസരത്ത് റോഡിൽ വെള്ളം കെട്ടി നിൽക്കുന്നു.

കുന്നംകുളം: പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും തലതിരിഞ്ഞ നടപടി മൂലം കൂനംമൂച്ചി സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് ദേവാലയ പരിസരത്ത് റോഡിൽ വെള്ളക്കെട്ട് രൂക്ഷമായി. റോഡിന്റെ വശങ്ങളിൽ മണ്ണ് കൊണ്ട് വന്ന് തട്ടിയതോടെ വെള്ളം ഒഴുകി പോകുന്നതിനുള്ള വഴി അടഞ്ഞതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി വെള്ളം ഒഴുകി പോകാതെ റോഡിൽ കെട്ടി കിടക്കുകയാണ്. അരികന്നിയൂർ മേഖലയിൽ റോഡ് വീതി കൂട്ടി കാന നിർമ്മിക്കുന്നതിന്റെ ഭാഗമായെടുത്ത മണ്ണാണ് പള്ളിയുടെ സമീപത്ത് തട്ടിയിരിക്കുന്നത്. നോമ്പ് കാലമായതിനാൽ ദേവാലയത്തിലേക്ക് പ്രായമായ വിശ്വാസികൾ കൂടുതലായി പോകുന്ന സാഹചര്യമുണ്ട്. വെള്ളക്കെട്ട്് ദേവാലയത്തിലേക്ക് പോകുന്നവരെയും ബുദ്ധിമുട്ടിക്കുന്നു. ശബരിമല സീസണായതോടെ ദിനംപ്രതി സമീപ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ നിരവധി വാഹനങ്ങളാണ് ഈ റോഡിലൂടെ പോകുന്നത്. കാൽനടയാത്രികരുടെ ദേഹത്തേയ്ക്ക് ചെളിവെള്ളം തെറിക്കുന്നതും പതിവാണ്. വെള്ളക്കെട്ടിന് കാരണമായ മണ്ണ് എത്രയും വേഗം ഇവിടെ നിന്ന് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. യാതൊരു പ്രശ്‌നവുമില്ലാതെ സുഗമമായി യാത്ര ചെയ്തിരുന്ന റോഡിൽ വെള്ളക്കെട്ടിന് കാരണം പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്വ നടപടികളാണെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു. മണ്ണ് മാറ്റി പരിഹാരം കണ്ടില്ലെങ്കിൽ അപകടങ്ങൾക്കും ഈ വെള്ളക്കെട്ട് കാരണമായേക്കുമെന്ന ഭീതിയും പ്രദേശവാസികൾക്കുണ്ട്.