കൊടുങ്ങല്ലൂർ: തീരവാസികളുടെ ചിരകാല സ്വപ്നമായ കാര ബഹദൂർ സ്മാരക ഇൻഡോർ സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നു. അത്യാധുനിക രീതിയിൽ ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് 1.82 കോടിയുടെ ഭരണാനുമതി നൽകി. മലയാളത്തിന്റെ ഹാസ്യസാമ്രാട്ടായ ബഹദൂറിന്റെ ജന്മസ്ഥലമായ എടവിലങ്ങ് പഞ്ചായത്തിലെ കാരയിലാണ് അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി സ്റ്റേഡിയം ഉയരുന്നത്.
ഒരു മാസം മുമ്പ് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എയുടെയും എടവിലങ്ങ് പഞ്ചായത്ത് ഭരണ സമിതിയുടെയും നേതൃത്വത്തിൽ എടവിലങ്ങിലെ രജിസ്റ്റർ ചെയ്യപ്പെട്ട ക്ലബ്ബ് അംഗങ്ങളുടെയും ജനപ്രതിനിധികളുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉൾപ്പെടുത്തി സ്റ്റേഡിയത്തിന്റെ രൂപരേഖ തയ്യാറാക്കിയിരുന്നു. തീരദേശത്തെ കായിക പ്രതിഭകൾക്ക് പരിശീലനവും പ്രോത്സാഹനവും നൽകുന്നതിനൊപ്പം മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതും സ്റ്റേഡിയം പദ്ധതിയുടെ ലക്ഷ്യമാണ്.
തീരദേശത്തെ കായിക മേഖലയ്ക്ക് പുത്തൻ ഉണർവ് സൃഷ്ടിക്കുന്നതിന് കാര മൈതാനം സ്‌റ്റേഡിയമാക്കി മാറ്റാൻ സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപനമുണ്ടായിരുന്നു. ഭരണാനുമതിക്കൊപ്പം മറ്റ് നടപടികളും പൂർത്തിയാകുന്നതോടെ തീരദേശത്തിന്റെ കായികസ്വപ്നങ്ങൾക്ക് ചിറക് വിടരും.
ബഹദൂർ സ്മാരക ഇൻഡോർ സ്റ്റേഡിയം സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാൻ വേണ്ട പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നുണ്ട്. യുവാക്കളുടെ ആവശ്യം അംഗീകരിച്ചാകും സ്‌റ്റേഡിയം ഉയരുന്നത്.
- ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ
സ്റ്റേഡിയമാക്കി മാറ്റുമ്പോൾ സെവൻസ് ഫുട്‌ബാൾ കളിക്കാനാകും. വോളിബോൾ, ഷട്ടിൽ, 'മുട്ടിഫോർ' ക്രിക്കറ്റ് എന്നീ കളികൾക്കുള്ള സംവിധാനവും ഉണ്ടാകും.