ചേലക്കര: കെയർഹോം പദ്ധതി ഭാഗമായി പ്രളയത്തിൽ വീടുകൾ പൂർണമായോ ഭാഗികമായോ നശിച്ചവർക്ക് പഴയന്നൂർ കല്ലേപ്പാടത്ത് സഹകരണ വകുപ്പും പഞ്ചായത്തും ചേർന്ന് തയ്യാറാക്കിയ കൈരളി അപ്പാർട്ട്‌മെന്റിന്റെ ഉദ്ഘാടനം ആറിന് നടക്കും. ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിക്കും. പഴയന്നൂർ കല്ലേപ്പാടം കുന്നംപുള്ളിയിൽ പഞ്ചായത്ത് വാങ്ങി നൽകിയ 106 സെന്റ് ഭൂമിയിലാണ് 40 കുടുംബങ്ങൾക്കായുള്ള പാർപ്പിടം ഒരുങ്ങിയത്. നാല് അപ്പാർട്ടുമെന്റുകൾ ഉൾപ്പെട്ട 10 ബ്ലോക്ക് കെട്ടിടങ്ങളാണ് പണിതുയർന്നിരിക്കുന്നത്. 432 സ്‌ക്വയർ ഫീറ്റാണ് ഒരു അപ്പാർട്ട്‌മെന്റ് വരുന്നത്. 4.63 കോടി രൂപയാണ് നിർമ്മാണച്ചെലവ്. വായന ഹാൾ, ഓപ്പൺ ജിം, ഓഡിറ്റോറിയം, വിശ്രമകേന്ദ്രം, പൂന്തോട്ടം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കി. വികലാംഗർക്കാണ് താഴെയുള്ള വീടുകളിൽ മുൻഗണന നൽകിയിരിക്കുന്നത്. ബാക്കിയുള്ളവർക്ക് നറുക്കെടുപ്പിലൂടെയാണ് തീരുമാനമാക്കിയിരിക്കുന്നത്. പഴയന്നൂർ ഗ്രാമപ്പഞ്ചായത്തിൽ നിന്നുമുള്ളവരാണ് പദ്ധതിയിലെ ഗുണഭോക്താക്കൾ. ജില്ലാ കളക്ടറാണ് ഗുണഭോക്താക്കളുടെ പട്ടിക അംഗീകരിച്ചിരിക്കുന്നത്. മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, വി.എൻ.വാസവൻ, വി.കെ.രാജൻ, ആർ.ബിന്ദു, ജില്ലാ കളക്ടർ ഹരിത.വി.കുമാർ, ജില്ലാ, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.