news-photo
മേൽപ്പാല നിർമ്മാണത്തിനായി ഗുരുവായൂർ -തൃശൂർ റോഡ് അടച്ചപ്പോൾ

ഗുരുവായൂർ: ഗുരുവായൂർ റെയിൽവേ മേൽപ്പാല നിർമ്മാണ പ്രവൃത്തികൾ തുടങ്ങി. ഗുരുവായൂർ-തൃശൂർ റോഡിൽ ഗതാഗതം നിരോധിച്ച് റോഡ് അടച്ചു. മേൽപ്പാല നിർമ്മാണത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങളായ പൈലിംഗ് വർക്കുകളാണ് ഇന്നലെ ഉച്ചയോടെ ആരംഭിച്ചത്. നിർമ്മാണ പ്രവൃത്തികൾ തുടങ്ങുന്നതിനാൽ ഇന്നലെ രാവിലെ മുതൽ വാഹനങ്ങൾ വഴി തിരിച്ച് വിടാൻ തുടങ്ങി. തൃശൂരിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് കുന്നംകുളം വഴി ഗുരുവായൂരിലേക്ക് പോയി വരാം. മറ്റ് വലിയ വാഹനങ്ങൾ തൈക്കാട് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് ചിറ്റാട്ടുകര, പാവറട്ടി, പഞ്ചാരമുക്ക് വഴി ഗുരുവായൂരിലേക്ക് എത്തിച്ചേരാം. തിരിച്ച് വരാൻ മമ്മിയൂർ വഴി കുന്നംകുളം റോഡ് കയറി ചാട്ടുകുളം റോഡ് വഴി തൈക്കാട് എത്തിപ്പെടാം. ചെറിയ വാഹനങ്ങൾക്ക് മാവിൻചുവട് റോഡ് ഗുരുവായൂർ പോയി വരാൻ ഉപയോഗിക്കാം. ചെറിയ വാഹനങ്ങൾക്ക് ഗുരുവായൂരിൽ നിന്നും ബാബു ലോഡ്ജിന്റെ അടുത്തുള്ള റോഡ് വഴി വൺവേ പ്രകാരം ചൂണ്ടൽ റോഡിലേക്ക് എത്തിച്ചേരാം. തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ പഴയ ബാലകൃഷ്ണ തിയേറ്ററിന് സമീപം സർവീസ് അവസാനിപ്പിക്കും. അവിടെ നിന്ന് തന്നെയാണ് തൃശൂരിലേയ്ക്ക് സർവീസ് തുടങ്ങുന്നതും.