sachidananda

കൊടുങ്ങല്ലൂർ: ശിവഗിരി മഠം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സച്ചിദാനന്ദ സ്വാമികൾക്ക് കൊടുങ്ങല്ലൂർ പൗരാവലി പ്രൗഢഗംഭീര സ്വീകരണം നൽകി. കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ നടന്ന സ്വീകരണ സമ്മേളനം പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ജാതിയുടെയും മതത്തിന്റെയും പേരിൽ പരസ്പരം പോരടിക്കുന്ന ഇക്കാലത്ത് ഗുരുദേവ ദർശനങ്ങളുടെ പ്രസക്തി ഏറിവരികയാണെന്ന് അദ്ദേഹം പറഞ്ഞു. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. പൗരാവലിയുടെ ഉപഹാരം സ്വാമികൾക്ക് എം.എൽ.എ സമ്മാനിച്ചു.

നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. ഡി.ടി. വെങ്കടേശ്വരൻ ആശംസകൾ നേർന്നു. സ്വാഗത സംഘം ചെയർമാൻ ഡോ. പി.എ. മുഹമ്മദ് സെയ്ത് സ്വാഗതവും ഗിരീഷ് ഉണ്ണിക്കൃഷ്ണൻ ആമുഖ പ്രഭാഷണവും പ്രൊഫ. കെ.കെ. രവി നന്ദിയും പറഞ്ഞു. വൈദിക യോഗത്തിന്റെ കൊടുങ്ങല്ലൂർ യൂണിയന്റെ നേതൃത്വത്തിൽ ഹാരാർപ്പണം നടത്തി പൂർണ്ണ കുംഭം നൽകി സ്വീകരിച്ചു. എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ഉമേഷ് ചള്ളിയിൽ, സെക്രട്ടറി പി.കെ രവീന്ദ്രൻ, യോഗം കൗൺസിലർ ബേബി റാം, വൈദികയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് നടുമുറി ബാബുശാന്തി, സ്വാഗതസംഘം ട്രഷറർ വി.പി. കല്യാൺ റാം, കോർഡിനേറ്റർ സി.എസ്. തിലകൻ, ടി.എം. നാസർ, കെ.പി. സുനിൽ കുമാർ, തുടങ്ങിയവർ നേതൃത്വം നൽകി.

പേരിനൊപ്പമുള്ള ജാതിസൂചകങ്ങൾ ഒഴിവാക്കാൻ സർക്കാർ

നിയമനടപടിക്കുള്ള സാദ്ധ്യത ആരായണമെന്ന് സ്വാമി സച്ചിദാനന്ദ

പേരിനൊപ്പമുള്ള ജാതിസൂചകങ്ങൾ ഒഴിവാക്കാൻ സർക്കാർ നിയമനടപടിക്കുള്ള സാദ്ധ്യത ആരായണമെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.

ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗുരുദേവ ദർശനത്തിൽ ആവേശം ഉൾക്കൊണ്ട് എ.കെ.ജി-മന്നം-കേളപ്പൻ എന്നിവർ പേരിലുള്ള ജാതിവാല് മാറ്റി. എന്നാൽ ഇന്ന് കൊച്ചുകുട്ടികളുടെ പേരിനൊപ്പം ജാതിപ്പേര് ചേർക്കുന്നത് വ്യാപകമാണ്. ഈ തിരിച്ചുപോക്ക് നിയമം മൂലം തടയാൻ നടപടി ഉണ്ടാകണം. അതേസമയം ഗുരുവിനെ ഏതെങ്കിലും കള്ളിയിൽ ഒതുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. അത് ശരിയല്ല. മഹാത്മാ ഗാന്ധിയെ വക്കീലായും നെഹ്‌റുവിനെ എഴുത്തുകാരനായും കരുതുന്നത് പോലെയാകും അത്. ശ്രീനാരായണ ഗുരുവിനെ കേരളത്തിന്റെ ആസ്ഥാനഗുരുവായി സ്വീകരിക്കാനുള്ള നടപടിയാണ് സർക്കാർ സ്വീകരിക്കേണ്ടത്. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാനുള്ള നിശ്ചയദാർഢ്യം സർക്കാർ കാണിക്കണമെന്ന് സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടു.