ഗുരുവായൂർ: ചെമ്പൈ സംഗീതോത്സവത്തിൽ പങ്കെടുക്കുന്ന കലാകാരൻമാർക്ക് ദേവസ്വം സർട്ടിഫിക്കറ്റുകൾ നൽകി. ഇതാദ്യമായാണ് ഗുരുവായൂരപ്പന് മുന്നിൽ സംഗീതാർച്ചന നടത്തുന്നവർക്കെല്ലാം ചെമ്പൈ സംഗീതോത്സവത്തിന്റെ സ്മരണ തുടിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ദേവസ്വം ഭരണസമിതി യോഗമാണ് സംഗീതാർച്ചനക്കെത്തുന്ന കലാകാരൻമാർക്ക് സർട്ടിഫിക്കറ്റുകൾ നൽകാൻ തീരുമാനിച്ചത്. സംഗീതാർച്ചന നടത്തി കഴിയുന്ന മുറയ്ക്ക് തന്നെ സർട്ടിഫിക്കറ്റുകൾ കലാകാരൻമാർക്ക് നൽകും. കഴിഞ്ഞ രണ്ട് ദിവസം സംഗീതാർച്ചന നടത്തി മടങ്ങിയ കലാകാരൻമാർക്ക് സർട്ടിഫിക്കറ്റുകൾ തപാൽ മാർഗം അയച്ച് നൽകും. ഗുരുവായൂരപ്പന്റെയും ചെമ്പൈ സ്വാമികളുടെയും രൂപവും ഗുരുവായൂർ ക്ഷേത്രവും ആലേഖനം ചെയ്ത സർട്ടിഫിക്കറ്റാണ് കലാകാരൻമാർക്ക് നൽകുന്നത്.