suneeti

തൃശൂർ : ഭിന്നശേഷി ദിനത്തിൽ സംസ്ഥാനത്തെ ഭിന്നശേഷിക്കാർക്കായി രണ്ട് പുതിയ പദ്ധതികൾ കൂടി ആരംഭിച്ച് സാമൂഹിക നീതി വകുപ്പ്. ഭിന്നശേഷി ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യവേ, ഡോ. ആർ. ബിന്ദുവാണ് സുനീതി, ശ്രേഷ്ഠം പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചത്.

ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ളവർക്ക് സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കുന്ന വിവിധ സഹായ പദ്ധതികൾക്ക് ഓൺലൈനായി അപേക്ഷ നൽകാൻ സംവിധാനമൊരുക്കുന്നതാണ് സുനീതി പോർട്ടൽ. ഭിന്ന ശേഷിക്കാർ ഉൾപ്പെടെയുള്ളവർക്ക് തൊഴിൽ അവസരം കണ്ടെത്തി നൽകാൻ പോർട്ടലിന്റെ സഹായത്തോടെ ഒരു ഗ്ലോബൽ മീറ്റ് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാർക്കിടയിലെ കലാകായിക മേഖലകളിൽ കഴിവും അഭിരുചിയുമുള്ളവരെ കണ്ടെത്തി അവർക്ക് മികച്ച പരിശീലനം ലഭ്യമാക്കാനുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുന്ന ശ്രേഷ്ഠം പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

ഭിന്നശേഷിക്കാരായ ആളുകൾക്ക് തടസരഹിതമായും ആത്മവിശ്വാസത്തോടെയും മുന്നോട്ടുപോവാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് സംസ്ഥാന സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. അതിനുള്ള സാമൂഹിക പിന്തുണ നൽകുകയാണ് സമൂഹത്തിന്റെ കർത്തവ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രി കെ. രാധാകൃഷ്ണൻ ഓൺലൈനായി പങ്കെടുത്തു. പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ, കൗൺസിലർ റെജി ജോയ്, സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ, എം.ഡി. ഇൻ ചാർജ് എസ് .ജലജ, എക്‌സിക്യൂട്ടീവ് ഇൻ ചാർജ് ഡി. ജേക്കബ്, കളക്ടർ ഹരിത.വി.കുമാർ, സാമൂഹ്യനീതി ഓഫീസർ കെ. ജി. രാഗപ്രിയ തുടങ്ങിയവർ സംസാരിച്ചു.