 
തൃശൂർ: നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിൽ ഔഷധസസ്യ ഉദ്യാനങ്ങൾ ഒരുക്കി ജില്ലയിലെ തിരഞ്ഞെടുത്ത പതിനൊന്ന് ആയുഷ് (ആയുർവേദ ഹോമിയോ) ഡിസ്‌പെൻസറികൾ. തെരഞ്ഞെടുത്ത മറ്റ് ഡിസ്‌പെൻസറികളിലേക്കും ഉദ്യാനം ഉടൻ വ്യാപിപ്പിക്കും. ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററാണ് ഉദ്യാനം ഒരുക്കിയത്.
ഭാരതീയ ചികിസാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളായി തെരഞ്ഞെടുത്ത സ്ഥാപനങ്ങളെ ഉയർത്തുന്നത്. ആയുർവേദ ഡിസ്‌പെൻസറികളായ അവിട്ടത്തൂർ, കല്ലൂർ, കരിയന്നൂർ, കുന്നംകുളം, കോടന്നൂർ , പൈങ്കുളം, വെറ്റിലപ്പാറ, ഹോമിയോ ഡിസ്‌പെൻസറികളായ ആളൂർ, ചാഴൂർ, കൈപ്പറമ്പ്, പഴയന്നൂർ എന്നിവിടങ്ങളിലാണ് ഉദ്യാനങ്ങളുള്ളത്. മുമ്പ് ഏഴ് സ്ഥാപനങ്ങളിൽ ഔഷധസസ്യ ഉദ്യാനം ഒരുക്കിയിട്ടുണ്ട്.
ഔഷധ സസ്യങ്ങളെ ജനങ്ങൾക്ക് പരിചയപ്പെടാൻ കഴിയുന്ന തരത്തിലാണ് സജ്ജീകരിച്ചിട്ടുള്ളത്. സസ്യങ്ങളുടെ ശാസ്ത്രനാമം, ഉപയോഗക്രമം തുടങ്ങിയവയും രേഖപ്പെടുത്തിയ വിവരങ്ങളും ഓരോ ചെടിയോടൊപ്പവും ഉണ്ട്. തുടർപരിപാലനത്തിന് ഓരോ ഡിസ്‌പെൻസറിയിലും ഉദ്യോഗസ്ഥനെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്. നാഷണൽ ആയുഷ് മിഷൻ ഡി.പി.എം ഡോ. എം.എസ്. നൗഷാദ്, ആയുർവേദ ഡി.എം.ഒ ഡോ. പി.ആർ. സലജകുമാരി, ഹോമിയോ ഡി.എം.ഒ ഡോ. കെ.കെ. ബിന്ദു എന്നിവർ നേതൃത്വം നല്കി.
ശംഖുപുഷ്പം, നെല്ലി ,കുറുന്തോട്ടി, കീഴാർനെല്ലി, ബ്രഹ്മി, ചിറ്റമൃത്, കറ്റാർവാഴ, ചങ്ങലംപരണ്ട, വാതംകൊല്ലി, തഴുതാമ, മുത്തിൾ, ആര്യവേപ്പ്, ശതാവരി, ഇഞ്ചി, മഞ്ഞൾ, ആവണക്ക്, തുളസി, കരിനൊച്ചി, ആടലോടകം, ഉഷമലരി, കല്ലുരുക്കി, എരുക്ക്, അയമോദകം, ദശപുഷ്പങ്ങൾ, ഹൈഡ്രാഞ്ചിയ.