കൊടുങ്ങല്ലൂർ: വഴി വിളക്ക് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊടുങ്ങല്ലൂർ ബൈപാസിൽ സമരം ചെയ്യുന്ന സ്ത്രീ കൂട്ടായ്മയുടെ സമരമുഖം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സന്ദർശിച്ചു.
സ്ത്രീ കൂട്ടായ്മ പ്രസിഡന്റ് കെ.എ. ആനന്ദവല്ലി ടീച്ചർ ഇതു സംബന്ധിച്ച് പ്രതിപക്ഷ നേതാവിന് നിവേദനം നൽകി. ചന്തപ്പുര - കോട്ടപ്പുറം ബൈപാസിൽ അടിയന്തരമായി വഴി വിളക്കുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബൈപാസിൽ ഒറ്റയാൾ സമരം നടത്തുന്ന അയ്യാലിൽ അബ്ദുൾ ലത്തീഫിനും, സ്ത്രീ കൂട്ടായ്മയുടെ വിളക്കേന്തിയ പ്രതിഷേധ സമരത്തിനും ദിനംപ്രതി ജനപിന്തുണ വർദ്ധിക്കുകയാണ്.
ബഹുജന പങ്കാളിത്തം കൊണ്ടും സംഘടനകളുടെ സഹകരണത്താലും ജനശ്രദ്ധ ആകർഷിച്ച സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ സംഘടനകൾ രംഗത്ത് വന്നിരുന്നു. കോൺഗ്രസ് മേത്തല മണ്ഡലം കമ്മിറ്റി, ശൃംഗപുരം എൻ.എസ്.എസ് കരയോഗം, ടി.കെ.എസ് പുരം കരയോഗം, ഇന്നർ വീൽ ക്ലബ് ഒഫ് കൊടുങ്ങല്ലൂർ തുടങ്ങിയവർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ടി.ജി. ലീന, പുഷ്‌കല വേണുരാജ്, മിനി ശശികുമാർ, ശ്രീരഞ്ജിനി, നീന സൈമൺ, നെജു ഇസ്‌മെയിൽ തുടങ്ങിയവർ നേതൃത്വം നൽകി.