samaram-udgadanam

ആമ്പല്ലൂർ: കൊവിഡ് ലോക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് 2020 മാർച്ച് 24ന് പൂട്ടിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻ.ടി.സി മില്ലുകൾ ഉടൻ തുറക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യുണിയനുകളുടെ നേതൃത്വത്തിൽ എൻ.ടി.സി അളഗപ്പമില്ലിന് മുന്നിൽ സത്യഗ്രഹം ആരംഭിച്ചു.
ലോക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു കൊടുത്ത് ഇന്ത്യയിലെ എല്ലാ വ്യാപാര വ്യവസായ കേന്ദ്രങ്ങളും തുറന്ന് പ്രവർത്തിച്ചിട്ടും ഒന്നര വർഷം മുമ്പ് പൂട്ടിയ എൻ.ടി.സി മില്ലുകൾ തുറക്കാത്തതിനാൽ പതിനായിരക്കണക്കിന് തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും കടുത്ത ദുരിതത്തിലാണ്. ഈ സാഹചര്യത്തിലും മില്ലുകൾ തുറക്കാത്ത നടപടി തൊഴിലാളി ദ്രോഹവും നീതി നിഷേധവുമാണെന്ന് സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് കേരള ടെക്‌സ്‌റ്റൈൽ എംപ്ലോയീസ് (എ.ഐ.ടി.യു.സി) സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ്. പ്രിൻസ് പറഞ്ഞു.
അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസൻ തയ്യാലക്കൽ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി. ഗോപിനാഥ്, കെ. ഉണ്ണിക്കൃഷ്ണൻ, എം. തുളസീദാസ് തുടങ്ങിയവർ പ്രസംഗിച്ചു.