കൊടുങ്ങല്ലൂർ: തീരദേശത്തെ അക്ഷര ദീപമായി മൂന്ന് പതിറ്റാണ്ടിലേറെക്കാലം പരിലസിച്ച പി.കെ. വസുമതി ടീച്ചർ നൂറിന്റെ നിറവിൽ. തേവാലിൽ കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ എസ്.എൻ പുരം അഞ്ചങ്ങാടിയിലെ ടീച്ചറിന്റെ വീട്ടുമുറ്റത്ത് സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ നൂറാം പിറന്നാൾ ആഘോഷിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കോഴിക്കോട് നിന്നും അദ്ധ്യാപക പരിശീലനം ലഭിച്ച വസുമതി ടീച്ചർ ഔദ്യോഗിക ജീവിതം ആരംഭിച്ചത് പെരിഞ്ഞനം ശ്രീനാരായണ സ്മാരക സ്‌കൂളിൽ നിന്നാണ്. പണിക്കെട്ടി വീട്ടിൽ കൃഷ്ണൻ - കാളിക്കുട്ടി ദമ്പതികളുടെ മകളായ ടീച്ചർ അഞ്ചങ്ങാടി സ്വദേശി തേവാലിൽ കുമാരനെയാണ് വിവാഹം ചെയ്തത്. പിന്നീട് അഞ്ചങ്ങാടി സ്‌കൂൾ അധികൃതർ ടീച്ചറുടെ സേവനം തേടുകയായിരുന്നു. അന്ന് എയ്ഡഡ് മാപ്പിള സ്‌കൂൾ എന്ന പേരിലാണ് വിദ്യാലയം അറിയപ്പെട്ടിരുന്നത്. സ്‌കൂളിന്റെ സ്ഥാപകനും പ്രധാന അദ്ധ്യാപകനുമായിരുന്ന അഹമ്മദ് കുട്ടി മാസ്റ്റർ സ്‌കൂളിന്റെ ഉടമസ്ഥാവകാശം അദ്ധ്യാപകരായിരുന്ന എ.എ. കുഞ്ഞിക്കോമു, വി.സി. ത്രേസ്യ, പി.കെ. വസുമതി എന്നിവരിലേക്കും മാറ്റി. പിന്നീട് സ്‌കൂളിന്റെ പേര് യൂണിയൻ യു.പി സ്‌കൂൾ എന്നാക്കി. 32 വർഷത്തെ സേവനത്തിന് ശേഷം 1979 ജൂൺ ഒന്നിനാണ് വസുമതി ടീച്ചർ സർവീസിൽ നിന്നും വിരമിച്ചത്. ബാബു, രാധാകൃഷ്ണൻ, മണിലാൽ, പ്രമീള, അനിത എന്നിവരാണ് ടീച്ചറുടെ മക്കൾ.