ചാലക്കുടി: ഇവനെ അടുപ്പക്കാർ ദാസൻ എന്ന് വിളിക്കും. ആ വിളി കേട്ടാൽ വാലാട്ടി അരികിലെത്തി സ്‌നേഹം പ്രകടിപ്പിക്കും. വച്ച് നീട്ടുന്ന ചൂടൻ കപ്പലണ്ടി മെല്ലെ അകത്താക്കും. ഇത് തന്നെയാണ് ഇഷ്ട ഭോജനവും. ബിസ്‌കറ്റുകളും യഥേഷ്ടം തിന്നാൻ കിട്ടുന്നുണ്ട്. സായാഹ്നങ്ങളിൽ പതിവായി ചിക്കൻ പാർട്‌സും ഇവന്റെ മെനുവിലുണ്ടാകും. ഈ മെനു പൊലീസ് നായയുടേത് ഒന്നുമല്ല. തെരുവിന്റെ കാവൽക്കാരനായ ദാസന്റെ ദിനചര്യകളാണിത്. ചാലക്കുടി സൗത്ത് ജംഗ്ഷൻകാരുടെ മനസിൽ ചേക്കേറിയ ഒന്നാന്തരം നായയാണ് ദാസൻ. കണ്ടുമുട്ടിയ അന്നു മുതൽ ഇവനെ അങ്ങനെ വിളിച്ച് തുടങ്ങിയതാണ്. പേടിപ്പെടുത്തുന്ന നോട്ടമാണെങ്കിലും സാധുവായ ജീവി. എസ്.കെ.ബി ബിൽഡിംഗിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിന്റെ മുമ്പിലാണ് കൂടുതൽ സമയവും കിടപ്പ്. അറിയാതെ ആരെങ്കിലും കയറി ചവിട്ടിയാലും കുഴപ്പമൊന്നുമില്ല, ദാസൻ തെല്ല് മാറി കിടക്കും. എന്നുവച്ച് കടകളുടെ വരാന്തയിൽ രാത്രി ആരെങ്കിലും തല ചായ്ക്കാൻ തുനിഞ്ഞാൽ ഈ കുറുമ്പൻ നായ അനുവദിക്കില്ല, അപ്പോൾ കേൾക്കാം ഇവന്റെ ആക്രോശം. ഇവിടുത്തെ ചുമട്ടുതൊഴിലാളികളാണ് ദാസൻ അടുത്തറിയുന്ന യജമാന്മാർ. അവർ വച്ച് നീട്ടുന്ന ബിസ്‌ക്കറ്റും മറ്റ് ഭക്ഷണങ്ങളും അകത്താക്കും. അഞ്ച് വർഷം മുമ്പ്് ആരോ തെരുവിലാക്കി പോയതാണ്. വെളുത്ത നിറത്തിലെ കാർ പോകുന്നത് കാണുമ്പോൾ പലപ്പോഴും പിന്നാലെ കുരച്ചോടിയിട്ടുണ്ട്. ഇവനെ തെരുവിലെത്തിച്ചത്് ഇത്തരം കാറിലാണെന്നാണ് നാട്ടുകാരുടെ സംശയം. കടക്കാരുടേയും തങ്ങളുടേയും പ്രിയപ്പെട്ട കൂട്ടുകാരനാണ് ദാസനെന്ന് ചുമട്ടുതൊഴിലാളി പൂൾ ലീഡർ ജിജു ചൂണ്ടിക്കാട്ടുന്നു. വൈകുന്നേരങ്ങളിൽ ചന്തയിൽ മാംസ സ്റ്റാൾ നടത്തുന്ന മാളക്കാരൻ ജോഷി കോഴിയുടെ കാലുകളുമായി എത്തുന്നത് ദാസന്റെ വയറ് നിറക്കാനാണ്. എസ്.കെ.ബി കോർണറിൽ ദാസന്റെ കാവലുള്ളതിനാൽ നഗരത്തിലെ തെരുവ് നായകളുടെ ശല്യം ഇവിടെയില്ല. രാത്രിയിലെ ഇവന്റെ ഉറക്കം തൊട്ടടുത്ത കെട്ടിടത്തിന് മുകളിലെ ചുമട്ടുതൊളി യൂണിയൻ ഓഫീസ് വരാന്തയിലാണ്. ഇവനെ ഏറ്റവും അടുത്തറിയുന്നത് ചുമട്ടുതൊഴിലാളിയും ഓണം കളിക്കാരനുമായ സുപ്പിയെന്ന സുബ്രനാണ്. ഇവന്റെ ചാലക്കുടിയിലെ ജാതകം സുപ്പി പറയും. അങ്ങനെ ഏതോ വീട്ടുകാർ ഉപേക്ഷിച്ച് പോയ അതേ തെരുവിൽ ദാസനെന്ന സ്‌നേഹിക്കാൻ മാത്രമറിയുന്ന നായ ഇന്ന് എല്ലാവരുടേയും പ്രിയപ്പെട്ടവനായി കഴിയുന്നു.

വൈകീട്ട് സമീപത്ത് നടക്കുന്ന കപ്പലണ്ടി കച്ചവടം ഇപ്പോൾ ഇവന് വേണ്ടി കൂടിയാണ്. പലരും വാങ്ങികൊടുക്കുന്ന കപ്പലണ്ടി പൊതിയുമായി റോഡിന് നടുവിലെ ഡിവൈഡറിൽ കയറിക്കിടന്ന്് ഇഷ്ടൻ തിന്ന് തീർക്കും. ഇങ്ങനെ ഇരുപതോളം പൊതികൾ ദാസൻ ദിവസേന അകത്താക്കും.
മധു (മേലൂരിലെ കപ്പലണ്ടി കച്ചവടക്കാരൻ)