carchome

പഴയന്നൂരിൽ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന കെയർ ഹോം ഭവന സമുച്ചയം.

ചേലക്കര: കെയർ ഹോം രണ്ടാംഘട്ട ഭവന സമുച്ചയത്തിന്റെ ഉദ്ഘാടനവും താക്കോൽദാനവും ഇന്ന് വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. സഹകരണ മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ പട്ടികജാതി, പിന്നോക്കക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ, റവന്യൂമന്ത്രി കെ. രാജൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു എന്നിവർ വിശിഷ്ടാതിഥികളാകും.
സഹകരണ വകുപ്പിന്റെ കെയർ ഹോം രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തി പഴയന്നൂരിൽ 1.06 ഏക്കർ സ്ഥലത്ത് രണ്ട് ഘട്ടങ്ങളിലായി 4.63 കോടി രൂപ ചെലവഴിച്ചാണ് കെട്ടിട സമുച്ഛയങ്ങൾ ഒരുക്കിയിരിക്കുന്നത്. ഒരു ബ്ലോക്കിൽ നാല് വീടുകൾ എന്ന രീതിയിൽ 10 ബ്ലോക്കുകളിലായി 40 വീടുകൾ. 432 സ്‌ക്വയർ ഫീറ്റുള്ള വീടുകളിൽ രണ്ട് കിടപ്പ് മുറികൾ, ഒരു ബാത്ത് റൂം, അടുക്കള, ഹാൾ എന്നീ സൗകര്യങ്ങളാണ് ഉള്ളത്. കുട്ടികൾക്കായി പൊതു കളിസ്ഥലം, വ്യായാമത്തിനായി ജിം ഏരിയ, കമ്യൂണിറ്റി ഹാൾ, അഷ്ടദള രൂപത്തിലുള്ള വിശ്രമ കേന്ദ്രം, എല്ലാ വീട്ടിലും ജല ലഭ്യത ഉറപ്പുവരുത്താൻ പൊതുവായ കിണർ, ബോർവെൽ, വാട്ടർ ടാങ്ക് എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ ഫ്‌ളാറ്റ് സമുച്ചയങ്ങളിലേക്കായി പൊതുവായ റോഡും പൂന്തോട്ടവുമുണ്ട്.
സംസ്ഥാനത്തെ ആദ്യ കെയർ ഹോം ഫ്‌ളാറ്റ് സമുച്ചയമാണ് പഴയന്നൂരിൽ തയ്യാറായിരിക്കുന്നത്. പഴയന്നൂരിലെ 40 വീടുകളിൽ 5 എണ്ണം പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കും ബാക്കി 35 വീടുകൾ പഴയന്നൂർ ഗ്രാമപഞ്ചായത്തിലെ ഭവനരഹിതരും ഭൂരഹിതരുമായ ആളുകളുടെ ലൈഫ് മിഷൻ തയ്യാറാക്കിയ ലിസ്റ്റിൽ നിന്ന് കണ്ടെത്തിയവർക്കുമാണ് നൽകുന്നത്.