കൊടുങ്ങല്ലൂർ: 'മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു'' എന്ന വയലാറിന്റെ ഗാനം ആലപിച്ച് സ്വാമി വിവേകാനന്ദന്റെ ചിത്രം ഗായകനും ചിത്രകാരനുമായ ഏങ്ങണ്ടിയൂർ കാർത്തികേയൻ പൂർത്തിയാക്കിയപ്പോൾ ചരിത്ര നഗരം സ്വാമി വിവേകാനന്ദന്റെ ഓർമകളെ ആഘോഷമാക്കി. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്വാമി വിവേകാനന്ദന്റെ കൊടുങ്ങല്ലൂർ സന്ദർശനത്തിന്റെ ഓർമ പുതുക്കലിന് കൊടുങ്ങല്ലൂരിൽ തുടക്കമായി. ജില്ലാ പഞ്ചായത്തും, പൊതുവിദ്യാഭ്യാസ വകുപ്പും, മുസ്‌രിസ് പൈതൃക പദ്ധതിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 1892 ഡിസംബർ അഞ്ചിനാണ് സ്വാമി വിവേകാനന്ദൻ കൊടുങ്ങല്ലൂരിലെത്തിയത്. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ നടന്ന പരിപാടി ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 48 വിദ്യാർത്ഥികൾ ചിത്രരചനയിൽ പങ്കെടുത്തു. കുട്ടികൾക്കൊപ്പം അദ്ധ്യാപകരും കലാകാരന്മാരും പാട്ടുകൾ പാടുകയും, കാൻവാസിൽ ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.എസ്. കൈസാബ്, ഷീല പണിക്കശ്ശേരി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ, ചേർപ്പ് എ.ഇ.ഒ എം.വി. സുനിൽ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.വി. ദിനകരൻ, സിംല വിജു, സി.എ. നസീർ, കെ.ആർ. വത്സലകുമാരി, വി. മനോജ്, ടി.ആർ. മീര, ഉണ്ണി പിക്കാസോ എന്നിവർ സംസാരിച്ചു.