വാടാനപ്പിള്ളി: ലോക മണ്ണ് ദിനാഘോഷത്തിന്റെ ഭാഗമായി മണ്ണപ്പം ചുട്ടും മണൽ വീടൊരുക്കിയും തൃത്തല്ലൂർ യു.പി സ്‌കൂളിൽ മണ്ണ് ദിനാഘോഷം സംഘടിപ്പിച്ചു. പൂണമായും മണ്ണ് കുഴച്ചാണ് കുട്ടികൾ വീട് നിർമ്മിച്ചത്. മണൽ കൊണ്ട് വീട്ടുപകരണങ്ങളും തയ്യാറാക്കി. വീട്ടിലേക്കെത്തുന്ന വിരുന്നുകരെ സ്വീകരിക്കാൻ മണ്ണപ്പവും കൊഴുക്കട്ടയും, മണ്ണടയും, ചിരട്ടപ്പുട്ടും, കുറ്റിപ്പുട്ടും, ഇഡ്ഡലി, കിണ്ണത്തപ്പം, മണിപ്പുട്ട് തുടങ്ങിയവയും വിദ്യാർത്ഥികൾ ഒരുക്കി. വീടുകളിലേക്ക് ആവശ്യമായ അമ്മി, ഉരൽ, അമ്മിക്കുഴ, ചെടിച്ചട്ടി എന്നിവയും വിദ്യാത്ഥികളുടെ കരവിരുതിൽ ആകഷക കാഴ്ചയായി മാറി. സ്‌കൂൾ ഔഷധ ഉദ്യാനത്തിന് മുമ്പിൽ നടന്ന ചടങ്ങ് പ്രധാനദ്ധ്യാപിക സി.പി. ഷീജ മണ്ണപ്പം ചുട്ട് ഉദ്ഘാടനം ചെയ്തു. കെ.എസ്. ദീപൻ അദ്ധ്യക്ഷനായി. വി. ഉഷാകുമാരി, പി.വി. ശ്രീജമൗസമി എന്നിവർ നേതൃത്വം നൽകി. മണ്ണിനെ സ്‌നേഹിക്കാനും നശിപ്പിക്കാതിരിക്കാനും കുട്ടികൾക്ക് അവബോധം നൽകുന്നതിനാണ് ചടങ്ങ് സംഘടിപ്പിച്ചത്.