padhati
റീ ബിൽഡ് കേരള വ്യവസായ സംരംഭകത്വ വികസന പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: റീ ബിൽഡ് കേരള സംരംഭകത്വ വികസന പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജൻ നിർവഹിച്ചു. ആദ്യഘട്ടത്തിൽ മതിലകം, ചേർപ്പ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്തുകൾക്ക് 15 കോടി രൂപയാണ് പദ്ധതിയുടെ ഭാഗമായി നൽകുക.

തിരഞ്ഞെടുത്ത ഓരോ ബ്ലോക്ക് പ്രദേശത്തും പരമാവധി സംരംഭം ആരംഭിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം. ഈ പദ്ധതി പ്രകാരം സംസ്ഥാനത്തെ പ്രളയബാധിതമായ 14 ബ്ലോക്കുകളിൽ കാർഷിക– കാർഷികേതര മേഖലകളിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുക എന്നതാണ് ലക്ഷ്യം. ഓരോ ബ്ലോക്കിനും അഞ്ച് കോടി വീതമാണ് അനുവദിച്ചിരിക്കുന്നത്. ബ്ലോക്ക്തല സമിതികൾക്ക് കമ്മ്യൂണിറ്റി എന്റർപ്രൈസസ് ഫണ്ടായി നൽകുന്ന 32 കോടിയിൽ നിന്നാണ് വായ്പ അനുവദിക്കുക. വ്യക്തിഗത സംരംഭത്തിന് 50,000 രൂപയും ഗ്രൂപ്പ് സംരംഭത്തിന് 1,50,000 രൂപയും 4 ശതമാനം പലിശ നിരക്കിൽ പരമാവധി രണ്ട് വർഷ തിരിച്ചടവ് കാലാവധിയിൽ നൽകുന്നു. ബ്ലോക്ക് പരിധിയിലെ നഗരഗ്രാമ സി.ഡി.എസ് ചെയർപേഴ്‌സൺമാരും എം.ഇ കൺവീനർമാരും അടങ്ങിയ ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ബ്ലോക്ക് നോഡൽ സൊസൈറ്റി ഫോർ എന്റർപ്രൈസ് പ്രൊമോഷനാണ് (ബി.എൻ.എസ്.ഇ.പി) പദ്ധതിയുടെ നടത്തിപ്പ് ചുമതല. ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ.വി ജ്യോതിഷ് കുമാർ പദ്ധതി വിശദീകരണം നടത്തി. മതിലകം ബ്ലോക്ക് പ്രസിഡന്റ് സി.കെ ഗിരിജ, ചേർപ്പ് ബ്ലോക്ക് പ്രസിഡന്റ് എ. കെ രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി. എം അഹമ്മദ്, കെ. എസ് ജയ, എം. എസ് മോഹനൻ, കെ.പി രാജൻ, വിവിധ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.