
ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയോട് അനുബന്ധിച്ച് മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ നടന്നുവരുന്ന ചെമ്പൈ സംഗീതോത്സവത്തിലെ വിശേഷാൽ കച്ചേരികൾക്ക് ആസ്വാദകർ ഏറെ. ദിവസവും വൈകീട്ട് ആറ് മുതൽ രാത്രി 9 വരെയാണ് വിശേഷാൽ കച്ചേരികൾ അരങ്ങേറുക. ജയശ്രീ രാജീവിന്റെ കച്ചേരിയായിരുന്നു ഇന്നലെ വൈകീട്ട് ആദ്യം. ഈശാ പാഹിമാം എന്ന കല്യാണി രാഗത്തിലുള്ള കീർത്തനത്തോടെയായിരുന്നു തുടക്കം. മാഞ്ഞൂർ രഞ്ജിത്ത് വയലിനിലും വൈക്കം പ്രസാദ് മൃദംഗത്തിലും ഷിനു ഗോപിനാഥ് ഘടത്തിലും പക്കമേളമൊരുക്കി. തുടർന്ന് ഹരീഷ് ശിവരാമകൃഷ്ണന്റെ കച്ചേരിയും ഗുരുവായൂർ ദേവസ്വം വാദ്യകലാനിലയം അവതരിപ്പിച്ച താളവാദ്യ സമന്വയവും അരങ്ങേറി.
ഏകാദശി വിളക്കാഘോഷം
ഗുരുവായൂർ: ഗുരുവായുർ ഏകാദശി വിളക്കാഘോഷത്തിന്റെ ഭാഗമായി ഇന്നലെ ഗുരുവായൂരിലെ പാരമ്പര്യ തറവാട്ടുകാരായ പരുവക്കാട്ട് വീട്ടുകാരുടെ വിളക്കാഘോഷം നടന്നു. ക്ഷേത്രത്തിൽ രാവിലെയും ഉച്ചതിരിഞ്ഞും കാഴ്ചശീവേലിക്ക് പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ മേളം അകമ്പടിയായി. വൈകീട്ട് താമരയൂർ അനീഷ് നമ്പീശനും മാസ്റ്റർ അനുനന്ദുവും ചേർന്ന് അവതരിപ്പിച്ച ഡബിൾ തായമ്പകയും ഉണ്ടായി. രാത്രി വിളക്കെഴുന്നള്ളിപ്പിന് വിശേഷാൽ ഇടയ്ക്ക നാദസ്വരം അകമ്പടിയായി. ക്ഷേത്രത്തിൽ ഇന്ന് പരേതനായ മുൻ എം.എൽ.എ പി.ടി. മോഹനകൃഷ്ണന്റെ പേരിലുള്ള വിളക്കാഘോഷം നടക്കും.