കുന്നംകുളം: മിസ്റ്റർ കേരള ഫസ്റ്റ് റണ്ണറപ്പ് നേട്ടവുമായി കുന്നംകുളം സ്വദേശി. കുന്നംകുളം-തൃശൂർ റോഡ് പുതിയ വീട്ടിൽ നാലകത്ത് ഷിബിലിനാണ് ഈ നേട്ടം. പ്രൊഫഷണൽ മോഡലൊന്നുമല്ല ഷിബിൽ. എന്നാൽ ഓർമ്മ വച്ച കാലം മുതൽ ഫാഷനോട് കമ്പമുണ്ട്. ചിറ്റിലപ്പിള്ളി ഐ.ഇ.എസ്. കോളേജിൽ പഠിക്കുന്ന സമയത്ത് ഫാഷൻ ഷോയിൽ പങ്കെടുത്തത് മാത്രമാണ് ഏക മുൻ പരിചയം. എന്നിട്ടും വീണ് കിട്ടിയ അവസരം പോലെ ഇക്കഴിഞ്ഞ നവംബർ 28ന് കൊച്ചി ലേമെറിഡിയനിൽ എഫ്.ഐ. ഇവന്റ്‌സ് സംഘടിപ്പിച്ച അഖില മിസ്റ്റർ കേരളയിൽ ഫസ്റ്റ് റണ്ണറപ്പായി. നേരിയ വ്യത്യാസത്തിനാണ് കിരിട നേട്ടം നഷ്ടമായത്. എന്നാൽ പ്രഗത്ഭരായ ജൂറിയുടെയും കാണികളുടെയും മനം കവർന്ന് മിസ്റ്റർ സ്മാർട്ട് ഐക്കൺ 2021 സ്വന്തമാക്കി.
ദുബായിൽ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഷിബിൽ ഈയടുത്ത സമയത്താണ് നാട്ടിലെത്തിയത്. ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് മിസ്റ്റർ കേരള ഓഡിഷനിൽ പങ്കെടുത്തത്. 1500 ഓളം പേരെയാണ് അവർ തിരഞ്ഞെടുത്തത്. വിവിധ ഘട്ടങ്ങളിൽ മികവ് തെളിയിച്ച് 40 ഫൈനലിസ്റ്റുകളിൽ ഒരാളായി. ദാസു കൃഷ്ണദാസായിരുന്നു കൊറിയോഗ്രാഫർ. ഇടവേള ബാബു, അമൃത സുരേഷ്, റോൺസൺ വിത്സൻ എന്നിവരായിരുന്നു വിധി കർത്താക്കൾ. സണ്ണി വെയ്ൻ ഉൾപ്പെടെയുള്ള തെന്നിന്ത്യയിലെ പ്രശസ്തരായ ഒട്ടനവധി പേർ പങ്കെടുത്ത ചടങ്ങിലാണ് കുന്നംകുളം സ്വദേശി വിസ്മയകാരമായ നേട്ടം സ്വന്തമാക്കിയത്. മോഡലിംഗിൽ ആത്മവിശ്വാസമായതോടെ ഈ മേഖലയിൽ പ്രൊഫഷണലായി മാറാനാണ് താത്പ്പര്യമെന്ന് ഷിബിൽ പറഞ്ഞു. കുന്നംകുളം-തൃശൂർ റോഡ് പുതിയ വീട്ടിൽ ബിസിനസുകാരനായ മുഹമ്മദിന്റെയും നൂർജഹാന്റെയും മകനാണ് ഷിബിൽ. ഷമൽ, രേഷ്മ, റോഷ്‌നി എന്നിവർ സഹോദരങ്ങളാണ്. മുൻപരിചയമൊന്നുമില്ലാതിരുന്നിട്ടും വീണുകിട്ടിയ അവസരം ഫലപ്രദമായി വിനിയോഗിച്ച ഷിബിൽ മോഡലിംഗ്, ഫാഷൻ രംഗത്ത് ഇനിയും ഒരുപിടി നേട്ടങ്ങൾ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്.