ചാലക്കുടി: മേലൂർ പൂലാനിയിലെ ഈച്ച ശല്യത്തെക്കുറിച്ച് പഠിക്കുന്നതിന് ഇന്ന് ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥർ എത്തും. ജില്ലാ വക്ടർ കൺട്രോൾ യൂണിറ്റ് മേധാവികളാണ് ഈച്ചകളെ നേരിട്ട് കാണാനെത്തുന്നത്. ഇവയെ ശേഖരിച്ച് പഠനത്തിന് വിധേയമാക്കുകയാണ് ലക്ഷ്യം. ഇതിനിടെ ആൽത്തറ ജംഗ്ഷന് സമീപത്തെ പറമ്പിൽ പുതിയ തരം പുഴുക്കളെ കൂട്ടത്തോടെ കണ്ടത് നാട്ടുകാരെ ഭയപ്പാടിലാക്കി. എട്ടുവീട്ടിൽ ശ്രീകുമാർ, കൊച്ചുപറമ്പിൽ ശിവൻകുട്ടി എന്നിവരുടെ പറമ്പിലെ ചെടികളിലാണ് ഇവയെ കണ്ടെത്തിയത്. ചെടികളുടെ ഇലകളെ പൂർണമായും കാർന്ന് തിന്ന അവസ്ഥയിലാണ്.
പ്രത്യേക വിഭാഗത്തിലുള്ള ഇത്തരം നിശാശലഭങ്ങൾ ആയിരക്കണക്കിന് മുട്ടകൾ ചെടികളുടെ ഇലകൾക്കിടയിൽ (മുട്ടക്കൂട്ടങ്ങളായി) നിക്ഷേപിക്കുമെന്ന് കാർഷിക മേഖലയിലെ വിദഗ്ദ്ധർ പറയുന്നു. പിന്നീട് ഇവ പുഴുവായി രൂപാന്തരപ്പെടുന്ന അവസ്ഥയാണ് പൂലാനിയിൽ കാണപ്പെടുന്നത്. ഒരാഴ്ചക്കുള്ളിൽ ഇവ വിരിഞ്ഞ് ശലഭങ്ങളായി മാറും. പുഴുവിന്റെ അവസ്ഥയിൽ വ്യാപകമായ കൃഷി നാശമാണ് വരുത്തി വയ്ക്കുക. 130 പയർ വർഗങ്ങൾ അടങ്ങുന്ന 130 ചെടികളെ നിശാശലഭ പ്പുഴുക്കൾ നിമിഷ നേരം കൊണ്ട് കാർന്ന് തിന്ന് തീർക്കും. ഇതിനെ ശാസ്ത്രീയമായി ശത്രു കീടമായി കണക്കാക്കുന്നത്. കരാട്ടെ എന്ന കീടനാശിനി പ്രയോഗിച്ചാൽ ഈ നിശാശലഭ പുഴുക്കളെ നശിപ്പിക്കാം. 5 ലിറ്റർ വെള്ളത്തിൽ മൂന്ന് മില്ലി മരുന്നൊഴിച്ച് ഉപയോഗിക്കാം. പൊറാജൻ കീടനാശിനിയും മൂന്ന് മില്ലി വീതം പത്ത് ലിറ്റർ വെള്ളത്തിൽ കലർത്തി പ്രയോഗിക്കാവുന്നതാണ്. അപ്രതീക്ഷിതമായി സംഭവിക്കുന്ന കാലാവസ്ഥ വ്യതിയാനമാണ് ഇത്തരം നിശാശലഭങ്ങളുടെ വ്യാപനത്തിന് ഇടയാക്കുന്നതെന്ന് കാർഷിക മേഖലയിലെ ഗവേഷകർ അനുമാനിക്കുന്നു.

പൂലാനിയിൽ പുതുതായി കണ്ടെത്തിയ പുഴുക്കൂട്ടം ബീഹാർ ഹയറി കാറ്റർപില്ലർ വിഭാഗത്തിൽപ്പെട്ട നിശാ ശലഭങ്ങളെ സൃഷ്ടിക്കുന്നവയാണ്. ആദ്യകാലങ്ങളിൽ ബീഹാറിൽ മാത്രം കാണപ്പെട്ട ഇത്തരം നിശാശലഭങ്ങൾ ഇന്ന് കേരളത്തിന്റെ പലയിടത്തുമുണ്ട്. ഇതിന്റെ വ്യാപനം കാർഷിക മേഖലയെ ഗുരുതരമായി ബാധിക്കും.
അസി. പ്രൊഫസർ ഗവാസ് രാഗേഷ്
(കണ്ണാറ വാഴ ഗവേഷണ കേന്ദ്രം)