vairu
വൈറസ് ബാധ നേരിടുന്ന പള്ളിപ്പുറം - ആലപ്പാട് പാടശേഖരങ്ങൾ കർഷക സംഘം നേതാക്കൾ സന്ദർശിക്കുന്നു.

പള്ളിപ്പുറം- ആലപ്പാട് പാടശേഖരത്തിൽ അജ്ഞാത വൈറസ് ബാധ

ചേർപ്പ്: ജില്ലയിലെ നെല്ല് വിളഞ്ഞ കോൾ വയലുകളിൽ അജ്ഞാത വൈറസ് രോഗം പടരുന്നു. വൈറസ് മൂലം നെൽ ചെടിയുടെ കടഭാഗം ചീയുകയും, കതിര് കരിയുകയുമാണ് ചെയ്യുന്നത്. 450 ഏക്കർ കൃഷി ഇറക്കിയ ആലപ്പാട് പള്ളിപ്പുറം കോൾ പടവിൽ 100 ഏക്കറോളം കൃഷിയാണ് ഇങ്ങനെ നശിച്ചത്. 80 ദിവസമായ നെൽ ചെടികളാണ് ഉണങ്ങി പതിരായിക്കൊണ്ടിരിക്കുന്നത്. ഇത് കർഷകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. പുറത്തൂർ, അന്തിക്കാട്, ചാഴൂർ, പുള്ള്, ചേനം തുടങ്ങിയ നെൽ പാടങ്ങളിലേക്ക് രോഗവ്യാപന ഭീഷണി നിലനിൽക്കുകയാണ്. കൃഷി വകുപ്പും, കാർഷിക സർവകലാശാല അധികൃതരും പ്രശ്നത്തിൽ ഇടപെട്ടില്ലെങ്കിൽ കോൾ വയലുകളിൽ രോഗം വ്യപകമായി വൻ കൃഷി നാശം സംഭവിക്കുമെന്ന് കർഷക സംഘം നേതാക്കൾ പറഞ്ഞു.

ആലപ്പാട് - പള്ളിപ്പുറം കോൾപ്പാടത്തെ കൃഷി നാശം സംഭവിച്ച പ്രദേശങ്ങൾ കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം പി.ആർ. വർഗീസ് മാസ്റ്റർ, കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ശ്രീനീവാസൻ, കർഷക സംഘം ജില്ലാ ജോ. സെക്രട്ടറി സെബി ജോസഫ് പെല്ലിശ്ശേരി, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏ.കെ. രാധാകൃഷ്ണൻ, പാറളം പഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ എന്നിവർ സന്ദർശിച്ചു. കൃഷി നാശത്തിനെതിരെ സർക്കാരും കൃഷി വകുപ്പും നടപടിയെടുക്കണമെന്ന് കർഷക നേതാക്കൾ ആവശ്യപ്പെട്ടു.